കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഒരു ഡസനിലധികം മലയാളി മെത്രാന്മാരും എണ്ണിയാലൊടുങ്ങാത്തത്ര മലയാളി വൈദികരും യുകെയില്‍ വന്നിരുന്നു എന്നാണെന്റെ അറിവ്. സാധാരണക്കാരില്‍ സാധാരണക്കാരിയായ എനിക്കൊരു സംശയം: എന്തിന്?
മെത്രന്മാരുടെ ഉത്തരം ''കുഞ്ഞാടുകളെ സന്ദര്‍ശിക്കാനായിരുന്നു'' എന്നാണെങ്കില്‍ എന്റെ മറുചോദ്യം - ''നാട്ടിലും കുഞ്ഞാടുകളില്ലേ?'' നാട്ടിലെ അജഗണങ്ങള്‍ കൂട്ടത്തോടെ മതം മാറിയിട്ടൊന്നുമില്ലല്ലോ. അത്തരക്കാര്‍ക്കും ഇടയന്മാരുടെ സന്ദര്‍ശനവും സേവനവും ഒക്കെ ആവശ്യമല്ലേ?
ഒരു അഭിവന്ദ്യപിതാവ് രണ്ടു മാസത്തിനുള്ളില്‍ രണ്ടുതവണ യു.കെ. സന്ദര്‍ശിച്ചതായറിഞ്ഞു. ഈ രണ്ടു സന്ദര്‍ശനങ്ങളുടെ യാത്രാക്കൂലി മാത്രം ഏകദേശം ഒരുലക്ഷം രൂപ ആയിക്കാണണം. ഈ തുക എന്തിനൊക്കെ ഉപകരിക്കാമായിരുന്നു?
- ഒരു പാവപ്പെട്ടവനെ/പാവപ്പെട്ടവളെ ഗുരുതരമായ രോഗത്തില്‍ നിന്നും ചികിത്സിച്ച് രക്ഷപ്പെടുത്താമായിരുന്നില്ലേ?
- നിര്‍ധനയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയ്ക്കാന്‍ ഈ തുക മതിയാകുമായിരുന്നില്ലേ?
- ഈ തുക ഒരു പാവപ്പെട്ട കുട്ടിയുടെ വിദ്യാഭ്യാസത്തിനു ചെലവാക്കാമായിരുന്നില്ലേ?
- ആയിരങ്ങള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന് ഈ തുക മതിയാകുമായിരുന്നില്ലേ?
ഇനി, ഈ അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിക്കുവാനും മറ്റുമായി നമ്മള്‍ ചെലവാക്കുന്ന കണക്കു നോക്കിയാലോ
- വാഹനച്ചെലവ്
- സദ്യ ഒരുക്കുന്നതിന്റെ ചെലവ്
- സ്വീകരണച്ചെലവ്
അങ്ങനെ എത്ര തുക നമ്മുടെ സഹോദരങ്ങള്‍ സസന്തോഷം ചെലവാക്കി! പാവപ്പെട്ടവന്റെ ഭിക്ഷാപാത്രത്തിലേക്ക് ചില്ലിക്കാശിടാന്‍ മടിക്കുന്ന യു.കെ. മലയാളികള്‍ക്ക് പണം ഇങ്ങനെ വിനിയോഗിക്കുന്നതില്‍ അഭിമാനമാണ്. യു.കെ.യിലെ ഏത് ഓണ്‍ലൈന്‍ പ്രസിദ്ധീകരണം തുറന്നുനോക്കിയാലും കാണാം:
''.......... പിതാവിന്/പുരോഹിതന്..........ല്‍ വച്ച് വമ്പിച്ച സ്വീകരണം, അല്ലെങ്കില്‍ യാത്രയയപ്പ്''
നമ്മള്‍ എന്ന് നന്നാവും!
ഈ അവസരത്തില്‍ ഒരുകാര്യം പറയാതെ വയ്യ.
ഈ ഇടയന്മാരെ കേരളത്തിലെ അജഗണങ്ങളിലാരെങ്കിലും, അത്യാവശ്യത്തിനാണെങ്കില്‍പ്പോലും, കണ്ടു സംസാരിക്കണമെന്നു വച്ചാല്‍ എത്ര ബുദ്ധിമുട്ടായിരിക്കും. വളരെ കഷ്ടപ്പെട്ടാല്‍ മാത്രമാണ് ഇടയന്റെ നേരവും കാലവും സൗകര്യവും അനുസരിച്ച്, മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് ഏതാനും നിമിഷങ്ങള്‍ കണ്ട് ആവലാതി ബോധിപ്പിക്കാനൊരവസരം ലഭിക്കുക. ഗൗരവം വിടാതെ, ചിലപ്പോള്‍ ചാടിക്കടിച്ചും (സൗമ്യമായ ഭാഷ ഇവര്‍ക്ക് വശമില്ലല്ലോ) സംസാരിക്കുന്ന ഇവരുടെ ഭാഷ (ശരീരഭാഷ പോലും) വിദേശത്തെത്തിയാല്‍ ഉടനടി മാറുകയായി. മറുനാട്ടില്‍ വച്ചുള്ള ഇവരുടെ പെരുമാറ്റം കണ്ടാല്‍ തോന്നുന്നത്:
- ഗൗരവമോ? അതെന്താണെന്നെനിക്കറിയില്ലല്ലോ.
- തിരക്കോ? എനിക്കോ? എത്രനേരം വേണമെങ്കിലും നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് സമയമുണ്ട് - ഇപ്പോഴും, എപ്പോഴും.
- എന്നെക്കാള്‍ എളിമയുള്ളവന്‍ വേറെയാരുണ്ട്?
ഇവിടെ വന്നു പോകുന്ന വൈദികര്‍ എന്തുകൊണ്ട് ഇവിടുത്തെ നല്ലകാര്യങ്ങളൊന്നും കാണാതെ മോശമായകാര്യങ്ങള്‍ മാത്രം കാണുന്നു? ഈ നാട്ടിലെ സംസ്‌കാരത്തില്‍നിന്ന് എന്തെല്ലാം നല്ല കാര്യങ്ങള്‍ അവര്‍ക്ക് പഠിക്കുവാന്‍ സാധിക്കും?
ഇവിടെ ഓരോ പുരോഹിതനും ദിവ്യബലിയര്‍പ്പിക്കുവാന്‍ വരുന്നത് നിറഞ്ഞ ചിരിയുമായാണ്. കുര്‍ബാനസമയത്തുടനീളം ആ ചിരികാണാന്‍ സാധിക്കും. കുര്‍ബാന കഴിഞ്ഞാലോ? വാതില്‍ക്കലെത്തി, എല്ലാവരോടും സംസാരിച്ച് സ്‌നേഹത്തോടെ പറഞ്ഞയയ്ക്കും. നാട്ടിലെ അവസ്ഥയെന്താണ്? ചില പുരോഹിതര്‍ ബലിപീഠത്തില്‍ കയറി നിന്നിട്ടൊരു നോട്ടമുണ്ട്. കുഞ്ഞാടുകളെല്ലാം എന്തോവലിയ അപരാധം ചെയ്തുപോയമട്ടില്‍ പെട്ടെന്ന് അടങ്ങി ഒതുങ്ങി, കൈയും കെട്ടി നില്പായി. ഇനി ആരെങ്കിലും അറിഞ്ഞോ അറിയാതെയോ ഇടയ്‌ക്കൊന്നിരുന്നുപോയാല്‍ ചിലരെങ്കിലും കണ്ണുപൊട്ടുന്ന ചീത്ത പറയും. ചിലര്‍ നോക്കിയും കണ്ണുരുട്ടിയും പേടിപ്പിക്കും. കുര്‍ബാന കഴിഞ്ഞ് എന്തെങ്കിലുമൊരാവശ്യത്തിന് അച്ചനെ ഒന്നു കാണണമെന്നു വച്ചാലോ, പള്ളിമുറിക്കു മുന്നില്‍ ക്യൂ നില്‍ക്കേണ്ടിവരും.
എന്തൊരു വൈപരീത്യം!
* * * * * * * * * *
ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നതില്‍ ഈയുള്ളവള്‍ ആത്മാര്‍ത്ഥമായും ഖേദിക്കുന്നു. കാരണം, ഞാനൊരു സത്യക്രിസ്ത്യാനിയാണ്. തികഞ്ഞ ദൈവവിശ്വാസത്തില്‍ വളര്‍ന്നവളും, ഇപ്പോഴും വിശ്വാസത്തില്‍ ജീവിക്കുന്നവളുമാണ്. പുരോഹിതരെയും കന്യാസ്ത്രീകളെയും ആരാധനയോടെ നോക്കി, ബഹുമാനിച്ചു വളര്‍ന്നവളാണ്. പക്ഷേ, ഇന്നത്തെ പുരോഹിതരുടെ പ്രവര്‍ത്തനശൈലിയും ചെയ്തികളും എന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുവാനും എഴുതുവാനും പ്രേരിപ്പിച്ചു. സിസ്റ്റര്‍ ജസ്മിയുടെ 'ആമേന്‍' ആത്മകഥ വായിച്ചാല്‍ ഒരുപക്ഷേ നിങ്ങളും എന്നോടു യോജിക്കും. വായിച്ചിട്ടില്ലെങ്കില്‍ വായിക്കുവാന്‍ ശ്രമിക്കുക. അതില്‍ സ്വയം നഗ്നതപ്രദര്‍ശിപ്പിച്ച തെറ്റു ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന പുരോഹിതനുണ്ട്. സ്വന്തം തെറ്റുകളും, സഭയുടെ തെറ്റുകളും മൂടിവയ്ക്കാനായി, സിസ്റ്ററിനെ മനോരോഗിണിയാക്കി മുദ്രകുത്താന്‍ ശ്രമിക്കുന്ന, എല്ലാ രീതിയിലും അവരെ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്ന കന്യാസ്ത്രീകളുണ്ട്.
എങ്ങനെ ഞാന്‍ മാറി ചിന്തിക്കാതിരിക്കും?
പ്രസ്തുത പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കന്യാസ്ത്രീയായില്ലല്ലോ എന്നോര്‍ത്തു ഞാന്‍ സന്തോഷിച്ചു. ബാല്യകാലത്തില്‍ കന്യാസ്ത്രീകളെ ആദരവോടെയും ബഹുമാനത്തോടെയും നോക്കി കണ്ടിരുന്ന ഞാന്‍ ഒരു കന്യാസ്ത്രീയാകണമെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിച്ചിരുന്നു. ദൈവവിളിയുടെ അഭാവം കൊണ്ടാകാം, അങ്ങനെ സംഭവിച്ചില്ല. സംഭവിച്ചിരുന്നെങ്കില്‍, പ്രതികരണശേഷി താരതമ്യേന കൂടുതലുള്ള ഞാനും തിരുവസ്ത്രം ഉപേക്ഷിച്ച് ആത്മകഥ എഴുതിയേനെ.
ആത്മീയത തൊട്ടുതീണ്ടിയിട്ടില്ലെങ്കിലും വിദേശത്ത് ഉപരിപഠനം നടത്താനായി മാത്രം വൈദികരാകാന്‍ തുനിയുന്ന യുവാക്കളെ കണ്ടുമടുത്തിട്ടുണ്ട്.
കോടികളുടെ സമ്പത്തുള്ള സഭ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രൂപതകളെയും ഇടവകകളെയും സഹായിക്കട്ടെ. കുടുംബത്തെ രക്ഷപ്പെടുത്താനായി രാപകല്‍ ജോലിചെയ്യുന്ന, സാമ്പത്തികമായി ഇനിയും രക്ഷപ്പെട്ടിട്ടില്ലാത്ത യു.കെ. മലയാളിയെ വെറുതെ വിടുക.
പക്ഷേ, ഇരയാകാന്‍ നമ്മള്‍ സന്തോഷത്തോടെ നിന്നു കൊടുക്കുന്നു - അല്ലേ?
പൈതൃകം, വിശ്വാസം - ഇവയൊക്കെ നിലനിര്‍ത്താനായി അമേരിക്കയില്‍ തുടങ്ങിയതുപോലെ ഇവിടെയും പള്ളികളും രൂപതകളും സ്ഥാപിക്കാനാണ് ഇവര്‍ക്കൊക്കെ തിടുക്കം. ഇതിന്റെ പിന്നില്‍ സാമ്പത്തികനേട്ടം മാത്രമല്ലേ യഥാര്‍ത്ഥ ലക്ഷ്യം?
മാതൃഭാഷയിലുള്ള കുര്‍ബാന, ധ്യാനം, എല്ലാം ആവശ്യം തന്നെയാണ്. പക്ഷേ അതുമാത്രം മതി എന്നു കരുതിയാല്‍ നമ്മുടെ ഇളംതലമുറ ''പൈതൃകം'' പൂര്‍ണ്ണമായും ഉള്‍ക്കൊള്ളണമെന്നില്ല. പൈതൃകം, സംസ്‌കാരം, മൂല്യം - ഇവയുടെ പേരില്‍ തീരെ കുഞ്ഞുകുട്ടികളില്‍പ്പോലും വിശ്വാസം അടിച്ചേല്‍പ്പിക്കാനല്ലേ നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്? കുഞ്ഞുങ്ങളെ ഈ നാട്ടില്‍ വളര്‍ത്താന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അവരെ ഇവിടുത്തെ സമൂഹവുമായി ഇടപഴകാന്‍ കുറച്ചൊക്കെ അനുവദിച്ചേ മതിയാകൂ. മതം കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിച്ചാലേ അവര്‍ നന്നാകൂ എന്ന ധാരണ തെറ്റല്ലേ? അവര്‍ പഠിക്കുന്ന സ്‌കൂള്‍, ഇടപഴകുന്ന സഹപാഠികള്‍, അവര്‍ക്കു ചുറ്റുമുള്ള ലോകം - ഇതൊക്കെ നമുക്ക് അപരിചിതമാണ്. അവരുടെ കണ്ണും കാതും പൊത്താന്‍ നമുക്കാകില്ല. നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒന്നുണ്ട് - അത് കുടുംബത്തിനകത്തുതന്നെ തുടങ്ങേണ്ടതാണ്.
മാതാപിതാക്കള്‍ അവരുടെ വിശ്വാസതീക്ഷ്ണത കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുക. അതിനായി ഈ രാജ്യത്തെ പള്ളികളില്‍പ്പോയാലും മതി. കുടുംബപ്രാര്‍ത്ഥന, സഹജീവികളോടുള്ള സ്‌നേഹം, അവര്‍ക്ക് കഴിയാവുന്നത്ര സഹായംചെയ്യുക, വീട്ടില്‍ മാതൃഭാഷ സംസാരിക്കുക - ഇത്രയുമൊക്കെ ചെയ്താല്‍ നമ്മള്‍ മുറുകെപ്പിടിക്കുന്ന സംസ്‌കാരം കുട്ടികള്‍ക്ക് മനസ്സിലാകും. സാധിക്കുമെങ്കില്‍ വര്‍ഷംതോറും നാട്ടിലേയ്‌ക്കൊരു യാത്രയുമാകാം.
കാലം മാറ്റത്തിന്റെ പാതയിലാണ്. നമ്മളും കുറച്ചൊക്കെ മാറിയേ തീരൂ. ചാള്‍സ് ഡാര്‍വിന്‍ പറഞ്ഞതോര്‍ക്കുക:
‘‘It is not the strongest of the species that survives, nor the most intelligent that survives. It is the one that is the most adaptable to change.’’
(This article was published in December 2011 issue of Sneha Sandesham)
മെത്രാന്മാരും ജനസേവകരും ഇവിടെ വരുമ്പോള്‍ കാണിക്കുന്ന തിരക്കില്ലായ്മയും സൌഹൃദവും നാട്ടില്‍ കാണിച്ചിരുന്നെങ്കില്‍ അവരെ സ്വീകരിക്കാനും ആതിഥ്യമരുളാനും നമ്മള്‍ വിശ്വാസികള്‍ / പ്രജകള്‍ ഇത്ര മത്സരിക്കില്ലായിരുന്നു.
ReplyDeleteനാട്ടിലെ ജനപ്പെരുപ്പവും അതില്‍ തന്നെ എണ്‍പത് ശതമാനം ദാരിദ്രരുമായവരില്‍ നിന്ന് ആവുന്നത്ര അകന്നു നില്‍ക്കണം എന്ന് ഒരു മെത്രാനോ ജനസേവകനോ ചിന്തിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല.
ഇവിടെ വരുന്നവര്‍ അന്തിയുറങ്ങാനൊരിടവും ഭക്ഷണത്തിനുള്ള മാര്‍ഗ്ഗവും മാത്രമേ ഉദേശിക്കുന്നുണ്ടാകൂ. പക്ഷെ, നമ്മള്‍ പ്രജകളോ?
ബ്രേക്ക് ഡാന്‍സിന് മകനെ / മകളെ പങ്കെടുപ്പിക്കുന്ന അതെ വീറും വാശിയും കാണിച്ച് ആതിഥ്യമരുളാന്‍ മറ്റ് വിശ്വാസികളുമായി ബലപ്രയോഗത്തില്‍ ഏര്‍പ്പെട്ടു എന്നും വരാം...