NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 15 October 2011

മാന്ദ്യം പലവിധമുലകില്‍ സുലഭം....


രണ്ടായിരത്തിഒന്ന് നവംബര്‍ പത്ത്.

അന്ന് ബ്രിട്ടനില്‍ ക്‌നാനായമക്കള്‍ നന്നേ കുറവ്. യു.കെ.യിലേക്കുള്ള നഴ്‌സുമാരുടെ പ്രവാഹം തുടങ്ങുന്നതേയുള്ളൂ. ഇന്നത്തെ റിക്രൂട്ട്‌മെന്റ് വീരന്മാരൊക്കെ ചുവടുറപ്പിക്കുന്നകാലം. ലണ്ടനില്‍ വിരലിലെണ്ണാവുന്നത്ര ക്‌നാനായക്കാര്‍ മാത്രം. എവിടെ ചെന്നാലും ക്‌നാനായക്കാര്‍ക്കൊത്തു കൂടണം. ഒരാളുടെ വീട്ടില്‍ ഒത്തുകൂടി. അടുക്കളയില്‍ കൊള്ളാവുന്നത്ര ആളുകള്‍. അവരതിനെ ലണ്ടന്‍ ക്‌നാനായ അസോസിയേഷന്‍ എന്നോ മറ്റോ പേരിട്ടു വിളിച്ചു. വീട്ടുടമ പ്രസിഡന്റ്. പങ്കെടുത്തവരെല്ലാം ഭാരവാഹികള്‍. റെഡ് ഇന്ത്യക്കാരെക്കുറിച്ചൊരു പറച്ചിലുണ്ട് - ടൂ മെനി ചീഫ്‌സ്; നോട്ട് എനഫ് ഇന്ത്യന്‍സ്! (Too many Chiefs; not enough Indians) അതേ അവസ്ഥ. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരു കിച്ചന്‍ ക്യാബിനറ്റ്.

പുതിയതായി വന്നവര്‍ ജോലി കണ്ടെത്തുന്നതിലും വീടന്വേഷണത്തിലും, എന്‍.ഐ. നമ്പര്‍ സമ്പാദിക്കുന്നതിലും വ്യാപൃതരായിരുന്നു. ലണ്ടന്‍ ക്‌നാനായ അസോസിയേഷന്‍ കാര്യമായ പ്രവര്‍ത്തനമൊന്നുമില്ലാതെ അങ്ങനെ കുറേനാള്‍ ഉറങ്ങിക്കിടന്നു.

ബാലപീഡകളൊക്കെ കഴിഞ്ഞ് ഏതാണ്ട് ചുവടുറപ്പിച്ചപ്പോള്‍, തെക്കേത്, വടക്കേത് എന്നു മനസ്സിലായപ്പോള്‍ ചില ക്‌നാനായ ചെറുപ്പക്കാര്‍ (ഇന്നവര്‍ മധ്യവയസ്‌കര്‍) ചേര്‍ന്നു തീരുമാനിച്ചു - നമുക്കീ അടുക്കളസമ്മേളനം വേണ്ട കുറച്ചുകൂടി ജനാധിപത്യരീതിയില്‍ സംഘടന സ്ഥാപിക്കണം.

അവരെ പ്രോത്സാഹിപ്പിക്കുവാന്‍ അയല്‍രാജ്യത്ത് ഒരു വൈദികനുമുണ്ടായിരുന്നു. ചെറുപ്പക്കാര്‍ അനൗപചാരികമായി പലവട്ടം ഒത്തുകൂടി, പദ്ധതികള്‍ ആവിഷ്‌കരിച്ചു.

അങ്ങനെ ലണ്ടനിലും പരിസരത്തുമുള്ള ക്‌നാനായക്കാരെല്ലാം പാഴ്‌സണ്‍ ഗ്രീന്‍ പള്ളിയുടെ ഹാളില്‍ നവംബര്‍ പത്തിന് ഒത്തുകൂടി. മാഞ്ചെസ്റ്ററില്‍ നിന്നു പുറപ്പെട്ട പ്രത്യേക ബസില്‍ ബ്രിട്ടന്റെ പല ഭാഗങ്ങളിലുള്ള ക്‌നാനായക്കാരും പാഴ്‌സണ്‍ഗ്രീനില്‍ എത്തി.

പത്തുവര്‍ഷം മുമ്പു നടന്ന ആ പ്രഥമ ഒത്തുചേരലിന് സ്‌പോണ്‍സര്‍മാര്‍ ഉണ്ടായിരുന്നില്ല. തിരുമേനിമാരോ, പണപ്പിരിവോ, പ്രവേശനഫീസോ, ഭക്ഷണകൂപ്പണോ ഉണ്ടായിരുന്നില്ല. ഒത്തുചേരലിന് മുന്‍കൈയെടുത്ത ലണ്ടനിലെ മണ്ടന്മാരുടെ മനോഭാവം ഇതായിരുന്നു: മറ്റു ഭാഗങ്ങളില്‍ നിന്നുവരുന്ന ക്‌നാനായ സഹോദരീസഹോദരര്‍ നമ്മുടെ അതിഥികളാണ്. ലണ്ടനില്‍ വരുന്ന അവര്‍ക്ക് ഭക്ഷണം കൊടുക്കേണ്ടത് നമ്മുടെ കടമയാണ്.

അന്ന് മിക്കവര്‍ക്കും സ്വന്തമായി വാഹനമില്ല. ബസിലും ട്യൂബ് ട്രെയിനിലുമായാണ് കൂടുതല്‍പേരും എത്തിയത്. അവരാരും പക്ഷേ, വെറും കൈയോടെയല്ല വന്നത്. ചോറുമായി, മീന്‍കറിയുമായി, തോരനും പപ്പടവുമായി, പുളിശേരിയും, കാളഉലത്തിയതുമായി, പഴവും വെള്ളവുമായി...... ദിവ്യബലിക്കുശേഷം വന്നവരെല്ലാം സന്തോഷത്തോടെ ഭക്ഷണം കഴിച്ചു.


അതിനുശേഷം ആദ്യം നടന്നത് ലണ്ടന്‍യൂണിറ്റിന്റെ തെരഞ്ഞെടുപ്പാണ്. മാഞ്ചെസ്റ്ററിലെ ഭാരവാഹികളെ മുമ്പേ തെരഞ്ഞെടുത്തിരുന്നു ക്‌നാനായ ഇലക്ഷനില്‍ ഇന്നു കാണുന്ന വൃത്തികേടിന്റെ ലക്ഷണം അവിടെയും ഉണ്ടായി - തുടക്കത്തില്‍ സൂചിപ്പിച്ച ''വീട്ടുടമ''യും അയല്‍രാജ്യത്തു നിന്നും വന്ന വൈദികനുമായി ഏറ്റുമുട്ടി. രംഗം വഷളായി; അരോചകമായ അനുഭവം. ഇന്ന് ആരും ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടാത്ത ആ സംഭവത്തിന്റെ കയ്പ് സ്വന്തക്കാരെ കണ്ട സന്തോഷത്തില്‍ ആരും കാര്യമായെടുത്തില്ല.

ആ ഒത്തുചേരലിന് പ്രത്യേക അജണ്ട ഒന്നും ഇല്ലായിരുന്നു. പരസ്പരം കാണുക, പരിചയപ്പെടുക, പരിചയം പുതുക്കുക - ഇത്രയൊക്കെതന്നെ. അതിന്റേതായ ലാളിത്യവും ഉണ്ടായിരുന്നു. ''ക്‌നാനായ മക്കള്‍ ഒത്തുചേര്‍ന്നപ്പോള്‍ ലണ്ടന്‍നഗരം ഞെട്ടിവിറച്ചു'' എന്നോ, ''ക്‌നാനായ മക്കളുടെ നടവിളിക്ക് തെംസ് നദിയുടെ ഓളങ്ങള്‍ താളംപിടിച്ചു'' എന്നോ അതിശയോക്തി കലര്‍ന്ന വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ അന്ന് ഇവിടെ ''മാധ്യമപ്രവര്‍ത്തകര്‍'' ഇല്ലായിരുന്നു. അതുകൊണ്ട് ഓണ്‍ലൈന്‍ പത്രങ്ങളില്‍ എന്തു കുന്നായ്മയാണ് വരാന്‍ പോകുന്നതെന്നോ, ആരുടെ ഫോട്ടോയാണ് വിട്ടുകളയുന്നതെന്നോ തുടങ്ങിയ ഭയാശങ്കകളില്ലാതെ ക്‌നാനായമക്കള്‍ സന്തോഷമായി സ്വഗൃഹത്തിലേക്ക് മടങ്ങി. യു.കെ.കെ.സി.എ. എന്നു പേരിട്ടു വിളിച്ച പുതിയ ഒരു സംഘടനയ്ക്ക് രൂപം കൊടുത്തതിന്റെ ചാരിതാര്‍ത്ഥ്യവുമായാണ് അവര്‍ പിരിഞ്ഞത്.

ഇന്ന് യു.കെ.കെ.സി.എ.യ്ക്ക് പത്തു വയസ്സാകുന്നു. അന്നു കൈക്കുഞ്ഞുങ്ങളായി അഛനമ്മമാരുടെ കൈകളിലും, പ്രാമിലുമായെത്തിയ കുട്ടികള്‍ മിടുക്കരും മിടുക്കികളുമായി സായിപ്പിന്റെ ആക്‌സസ്റ്റില്‍, “I know what I am doing” എന്ന് ആത്മവിശ്വാസത്തോടെ ഓടിനടക്കുന്നതു കാണുമ്പോഴാണ് പത്തുവര്‍ഷം എത്ര നീണ്ട കാലയളവാണെന്നു മനസ്സിലാകുന്നത്.

തിരിഞ്ഞുനോക്കുമ്പോള്‍, ആ കുട്ടികളുടെ വളര്‍ച്ചയോടു താരതമ്യം ചെയ്യാവുന്ന എന്തെങ്കിലും വളര്‍ച്ച നമ്മുടെ സംഘടനയ്ക്ക് ഉണ്ടായിട്ടുണ്ടോ എന്ന് സംശയം തോന്നാം.

യു.കെ.കെ.സി.എ. എന്നാല്‍ ഇന്ന് വാര്‍ഷിക കണ്‍വന്‍ഷന്‍ നടത്തുന്ന സംഘടന എന്നാണ്. യു.കെ.കെ.സി.എ.യുടെ കണ്‍വന്‍ഷന്‍ ഓരോ വര്‍ഷവും കൂടുതല്‍ പങ്കാളിത്തത്തോടെ പുരോഗമിക്കുന്നുണ്ട്. യൂറോപ്പില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്ന കൂട്ടായ്മയാണത്.

സംഘാടകരും, തിരുമേനിമാരും, ക്ഷണിക്കപ്പെട്ടും ക്ഷണിക്കപ്പെടാതെയും വേദിയിലെത്തുന്നവരെല്ലാം അഹമഹമിഹയാ ക്‌നാനായ പാരമ്പര്യത്തെക്കുറിച്ചും, സമുദായത്തിന്റെ മഹത്വത്തെക്കുറിച്ചും, സംഘടനയുടെ അസൂയാവഹമായ വളര്‍ച്ചയെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കും. അത് കേട്ടവരും കേള്‍ക്കാത്തവരും കൈയടിക്കും, നടവിളിക്കും.

ഇവന്റ് മാനേജര്‍മാര്‍ തെക്കുവടക്ക് ഓടിനടക്കും. റാലികള്‍, പ്ലോട്ടുകള്‍, വേഷംകെട്ടലുകള്‍, ക്‌നായിതൊമ്മന്‍, ഉറുഹാ മാര്‍ യൗസേപ്പ്, ഗോത്രങ്ങളുടെ പേരെഴുതിയ പ്ലക്കാര്‍ഡുകള്‍, കലാപ്രകടനങ്ങള്‍, പ്രവേശനഫീസ്, ഭക്ഷണകൂപ്പണ്‍, സ്‌പോണ്‍സര്‍മാരുടെ മത്സരം, സ്പര്‍ദ്ധ, അവാര്‍ഡുകള്‍, വേദിയില്‍ കയറിനിന്ന് 'ഫോര്‍ പീപ്പിള്‍സ്'' കാണുന്ന വിധത്തില്‍ സംഭാവന നല്‍കി സ്വര്‍ഗ്ഗത്തിലേക്കുള്ള കുറുക്കുവഴി തേടുന്ന ശുംഭന്മാര്‍, തനിമ, ഒരുമ.....

പക്ഷേ പ്രവര്‍ത്തനം?

അന്നത്തെ രണ്ട് യൂണിറ്റുകളുടെ എണ്ണം നാല്പതിലധികമായി. കൂടുതല്‍ യൂണിറ്റുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതൊക്കെ വിവാദങ്ങളാണ്, പത്രത്തില്‍ വെണ്ടക്കാ മുഴുപ്പിലുള്ള തലക്കെട്ടുകളാണ്, തെരഞ്ഞെടുപ്പുകളില്‍ പഴിചാരലുകളും, ഉന്തും തള്ളും, വീറും വാശിയുമുണ്ട്. ബന്ധുക്കളും പരിചയക്കാരും പലതട്ടുകളിലായി, പരസ്പരം മിണ്ടാതായി.

നിത്യേന നമ്മുടെ വാര്‍ത്തകള്‍ പത്രത്തേല്‍ വരുന്നതുകണ്ട് നമുക്ക് അഭിമാനിക്കാം. ''ഇവരെന്താ, കാട്ടുജാതികളോ?'' എന്ന് സംശയിക്കുന്ന ക്‌നാനായക്കാരല്ലാത്തവരോട് പോയി തുലയാന്‍ പറയാം.

യു.കെ.കെ.സി.എ. ഒരു മഹാസംഭവം തന്നെ.

പഴയചോദ്യം വീണ്ടും - പ്രവര്‍ത്തനം? ഒരു ക്‌നാനായക്കാരനെ ഈ സംഘടന എങ്ങനെയെങ്കിലും സഹായിക്കുന്നുണ്ടോ? പുതിയതായെത്തുന്ന ഒരു കുടുംബത്തിന് സഹായകരമായതെന്തെങ്കിലും ചെയ്യാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? നമ്മുടെ കുട്ടികളിലെ വാസനകള്‍ കണ്ടെത്തി, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനെന്തെങ്കിലും? ഏറിവരുന്ന കുടുംബങ്ങളിലെ ദാമ്പത്യപ്രശ്‌നങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികള്‍? പിരിവിനായെത്തുന്നവര്‍ക്ക് മാറി മാറിവന്ന എല്ലാ നേതാക്കളും ഡ്രൈവിംഗ് സേവനം ചെയ്തു കൊടുക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

കണക്കെടുപ്പു നടത്തി, ഇനിയെങ്കിലും ദിശാബോധം ഉണ്ടാക്കേണ്ട സമയമായി. അതിനു പ്രാപ്തിയുള്ള നേതൃത്വമാണ് ഇന്നത്തെ ആവശ്യം.

കുട്ടികള്‍ക്ക് ബുദ്ധിവളര്‍ച്ച മുരടിച്ച്, ശാരീരിക വളര്‍ച്ച സാധാരണഗതിയില്‍ തുടരുന്ന പ്രതിഭാസത്തെ മംഗോളിസം (Mangolism) എന്ന് വൈദ്യശാസ്ത്രം വിളിച്ചു വന്നിരുന്നു. മംഗോളിയന്‍ സര്‍ക്കാര്‍ ഇതിനെതിരെ അയച്ച പരാതി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പരിഗണിച്ച് 1960-ല്‍ ഈ പേര് തുടര്‍ന്ന് ഉപയോഗിക്കേണ്ടതില്ല എന്നു തീരുമാനിച്ചു.

പക്ഷേ ബുദ്ധിമാന്ദ്യം ഇന്നും തുടരുന്നു. വ്യക്തികളിലും സംഘടനകളിലും.

1 comment:

  1. അവനവന്‍ ആത്മസുഖത്തിന്നാചരിക്കുന്നത്
    അപരന് സുഖത്തിനായ്‌ വരേണം

    എന്നാണ് ശ്രീ നാരായണഗുരു വചനം. ക്നായി തൊമ്മന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല; അതായിരിക്കുമോ സംഘടനകള്‍ അവരുടെ ആത്മസുഖത്തിനു ചെയ്യുന്ന കാര്യങ്ങള്‍ ക്നാനായക്കാര്‍ക്ക് അസുഖകരമായി തീരാന്‍ കാരണം?

    ReplyDelete