ബ്രിട്ടീഷ് ക്നായില്‍ February
17-ല്‍ വന്ന, “കിടങ്ങൂര്‍ സെന്റ് മേരീസ് ഫെറോനാ പള്ളിക്ക് ഒരു പുതിയപള്ളിമേട” എന്ന പോസ്റ്റിനു നിരവധി കമെന്റുകള്‍ ലഭിച്ചു. ഇത്തരം ഒരു വിഷയത്തില്‍
ക്നാനായ സമുദായംഗങ്ങള്‍ കാണിക്കുന്ന അസാധാരണമായ താല്പര്യം, ജനങ്ങളുടെ ചിന്താഗതിയിലും
മനോഭാവത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ വ്യക്തമാക്കുന്നു.
പ്രവാസികള്‍ കേരളത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം കറവപശുക്കളാണ്. പശുക്കള്‍ക്ക് കുറഞ്ഞത് കച്ചിയും, പിണ്ണാക്കും, കഞ്ഞിവെള്ളവും നല്‍കാറുണ്ട്.
അതുപോലും കൊടുക്കേണ്ടാത്ത യന്ത്രപശുവാണ്, നമ്മള്‍ പ്രവാസികള്‍.
നാട്ടില്‍ ചൂടും, പുത്തന്‍ പേരുകളുള്ള മുന്തിയ പനിയും പരക്കുമ്പോള്‍,
തിരുമേനിമാരും, രാഷ്ട്രീയക്കാരും ഇങ്ങോട്ട് എഴുന്നുള്ളും. കഴിഞ്ഞ സമ്മറില്‍
സീറോ-മലബാറിന്റെ തന്നെ പത്തു മെത്രാന്മാര്‍ യു.കെ. കുഞ്ഞാടുകളെ സന്ദര്‍ശിക്കാനെത്തി.
നാട്ടില്‍ നിന്ന് പോരുന്നതിനു മുമ്പ് ഇവരാരും നമ്മളില്‍ ഒരുത്തനെയെങ്കിലും തിരിഞ്ഞു
നോക്കിയിട്ടില്ല.
വര്‍ഷങ്ങളായി അമേരിക്കയില്‍ ബന്ധുക്കളുള്ള ക്നാനയക്കാര്‍
അമേരിക്കയിലേയ്ക്ക് കുടിയേറുന്നു. അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശം
നല്‍കാനൊരു സംവിധാനത്തെക്കുറിച്ച് നമ്മുടെ അരമനവാസികള്‍ ചിന്തിച്ചിട്ടുണ്ടോ?
പോട്ടെ, വെളിയില്‍ പോകുന്ന ക്നാനയക്കാരന്‍ അരമനയില്‍ ചെന്നാല്‍ പിതാവിനെ കണ്ടു
യാത്ര പറയാന്‍ ഒരവസരം ഒരുക്കുമോ ഇവര്‍? മറ്റൊന്നും വേണ്ട, അവന്റെ മുന്നില്‍ വച്ച് പത്തോ ഇരുപത്തഞ്ചോ രൂപാ മാത്രം വിലയുള്ള ഒരു കൊന്ത വെഞ്ചരിച്ചു അവനു നല്‍കുമോ?
ഇത്രപോലും ചെയ്യാന്‍ മനസ്സില്ലാത്ത തിരുമേനിമാരും വൈദികരും
മാസം മാസം, ഇങ്ങു എഴുന്നുള്ളും. ഓരോ തവണയും പുതിയ പുതിയ കാരണങ്ങള്‍ കാണും.
പയ്യാവൂര് പള്ളി, കണ്ണൂര് കക്കൂസ്, അരമനയില്‍ സ്തൂപം, പാവപ്പെട്ടവനെ ഒലത്താന്‍,
തുടങ്ങി പലതും.
പുതിയ കാനോന്‍ നിയമം അനുസരിച്ച് പള്ളിവക സ്വത്തെല്ലാം അങ്ങ്
വത്തിക്കാനിലിരിക്കുന്ന പരിശുദ്ധ പിതാവിന്റെ സ്വന്തമാണ്. നമ്മുടെ കാരണവന്മാര്‍
പിടിയരിയും, നെല്ലും മുട്ടയും, തടിയും, വിറകും, ശ്രമദാനവും നല്‍കി
ഉണ്ടാക്കിയതൊന്നും ഇന്ന് നമ്മുടേതല്ല. എവിടെ നിന്നെങ്കിലും വരുന്ന ഒരു കത്തനാരാണ് കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നത്. ഇടവകക്കാര്‍ വെറും
പുറംകൊള്ളി.
സ്വന്തം സ്ഥാവര-ജംഗമ വസ്തുക്കളില്‍ അറ്റകുറ്റപ്പണികള്‍
നടത്തണമെങ്കില്‍, ഉടമസ്ഥനാണ് അതിന്റെ ചെലവ് വഹിക്കേണ്ടത്.
ഈ തിരിച്ചറിവാണ് ജനം മുകളില്‍ പറഞ്ഞ പോസ്റ്റിലെ കമന്റിലൂടെ
പ്രകടിപ്പിക്കുന്നത്.
പിരിവിനായി കണ്ണന്‍ചിരട്ട ഒരുക്കുന്നവര്‍, Please Note the Point.
No comments:
Post a Comment