NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Monday 30 January 2012

കപ്പ പുരാണം

മലയാളനാട്ടിലെ സാധാരണ ജനങ്ങളുടെ മുഖ്യാഹാരം നെല്ലരി തന്നെയാണ്. പണ്ടും ഇന്നും അതിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ ഭക്ഷ്യക്ഷാമം ഒരു ശാപമായി മാറിയ കേരളത്തില്‍ മുഖ്യഭക്ഷ്യവസ്തുവായ നെല്ലരിക്ക് പുറമെ മറ്റെന്തെല്ലാം കൂടിയാകാമെന്ന ചിന്ത പണ്ടുമുതല്‍ ഭരണാധിപന്മാരെ അലട്ടിയിരുന്നു.

വിശാഖം തിരുന്നാള്‍ മഹാരാജാവ് 
വിശാഖം തിരുന്നാള്‍ മഹാരാജാവ്എന്നാല്‍ എ.ഡി. 1880-ല്‍ തിരുവിതാംകൂറിലെ മഹാരാജാവായി അധികാരത്തില്‍ എത്തിയ വിശാഖം തിരുനാള്‍ മഹാരാജാവാണ് മലയാളനാടിന്റെ വിശപ്പ് മാറ്റുവാന്‍ മരച്ചീനി കൃഷിക്ക് തുടക്കം കുറിച്ചത്. പാവപ്പെട്ട മനുഷ്യര്‍ പട്ടിണി കിടന്നു ചാകുന്ന വാര്‍ത്ത വിശാഖം തിരുനാളിനെ ഏറെ അലട്ടിയിരുന്നു. ഉടന്‍ തന്നെ ഭക്ഷ്യമേഖലയില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയിലും മികച്ച ഭക്ഷ്യവസ്തു കൃഷി ചെയ്യുവാനുള്ള ഉപാധികള്‍ കണ്ടെത്തുവാന്‍ പരിശ്രമിച്ചു. അപ്രകാരം മരച്ചീനി കൃഷി മലയാള നാടിന് ഏറ്റവും യോജിച്ചതാണെന്നു തീരുമാനിക്കുകയും കേരളത്തില്‍ ആദ്യമായി മരച്ചീനിക്കൃഷി ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ കാലാവസ്ഥ ഭൂപ്രകൃതി, കാര്‍ഷികമേഖലയിലെ പ്രത്യേകതകള്‍ എന്നിവ പരിശോധിച്ച് കൃഷി തുടങ്ങി. അത്ഭുതകരമായ നേട്ടമാണ് അനുഭവപ്പെട്ടത്. രുചിയും ഗുണവുമുള്ള നല്ലയിനം മരച്ചീനി തണ്ടുകള്‍ കപ്പല്‍ മാര്‍ഗ്ഗം കൊണ്ടുവന്ന് കേരളം മൊത്തം കൃഷി ആരംഭിച്ചപ്പോള്‍ പട്ടിണി പാവങ്ങള്‍ക്ക് വിശപ്പടക്കുവാന്‍ അത് ഉപകാരപ്രദമായി.

ദക്ഷിണ അമേരിക്കയാണ് മരച്ചീനിയുടെ ജന്മദേശം! അവിടെ നിന്നാണ് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് മരച്ചീനിത്തണ്ട് എത്തിച്ചേര്‍ന്നത്. നല്ല സൂര്യപ്രകാശമുള്ളതും, ചരല്‍ കലര്‍ന്ന മണല്‍ പ്രദേശവും ജലം കെട്ടി നില്‍ക്കാതെ വാര്‍ന്നു പോകുവാന്‍ തക്കതായ പ്രത്യേകതകള്‍ ഉള്ള ഭൂഭാഗത്തും മരച്ചീനി കൃഷി നന്നായി നടത്താവുന്നതാണ്. സ്റ്റാര്‍ച്ചും, പ്രോട്ടീനും, പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഉത്തമ ഭക്ഷ്യവസ്തു തന്നെയാണ് മരച്ചീനി.

ഇവ ഉണക്കിയും പുഴുങ്ങി ഉണക്കിയും സൂക്ഷിക്കാം. വളരെ വലിയ പോഷകാഹാരം തന്നെയാണ് ഉണക്കച്ചീനിയും വന്‍പയറും ചേര്‍ത്ത് കുഴച്ച് എടുക്കുന്ന ഭക്ഷ്യവസ്തു. മഹാരാജാക്കന്മാര്‍ രാജ്യം ഭരിച്ചു വന്ന നാളുകളില്‍ ഏകാധിപത്യമായിരുന്നുവെങ്കിലും ഇന്നത്തെ ജനാധിപത്യ സമ്പ്രദായത്തിലുള്ള അഴിമതിയും ധൂര്‍ത്തും, കൈകൂലിയും ഒന്നുംതന്നെ ഇല്ലാത്ത കാലമായിരുന്നു. വിശാഖം തിരുനാള്‍ മഹാരാജാവ് മരച്ചീനിക്കൃഷി മലയാള നാട്ടില്‍ നടപ്പാക്കുമ്പോള്‍ അതിനായി മഹാരാജാവിന്റെ ഒരു കല്പന മാത്രം മതിയായിരുന്നു. കല്പന വന്ന് ആറുമാസം കൊണ്ട് മരച്ചീനി വഴിയരുകില്‍ കൂട്ടിയിട്ട് വില്പന നടത്തുന്ന രംഗം കാണാന്‍ മഹാരാജാവ് എഴുന്നള്ളിയിരുന്നു. തന്റെ പ്രജകള്‍ പട്ടിണികിടന്ന് ചാകില്ലെന്ന് ഉറപ്പുവരുത്തിയ ആ ഭരണാധികാരി എല്ലാ സ്ഥലത്തും കര്‍ഷകര്‍ കൃഷിഭൂമിയില്‍ ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്യുവാന്‍ ഉപദേശം നല്‍കി.


ഇന്ന് മരച്ചീനി കൃഷി തുടങ്ങുവാന്‍ ജനകീയ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സ്ഥിതി എന്താകുമെന്നു കൂടി ചിന്തിക്കുക. ആദ്യം മന്ത്രിസഭായോഗം ചേരും. പിന്നീട് ഒരു ഉപസമിതിയെ തെരഞ്ഞെടുക്കും. തുടര്‍ന്ന് ഉപസമിതിയുടെ നിര്‍ദ്ദേശം ആറു മാസത്തിനകം മേശപ്പുറത്തു വയ്ക്കണം എന്ന ഉത്തരവു വരും. ആ ഉപദേശം പഠിക്കുവാന്‍ ഒരു ഉന്നതാധികാരസമിതിയെ കണ്ടുപിടിക്കും. സമിതിയ്ക്ക് ചെയര്‍മാന്‍, വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ വേണം. സമിതിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ മരച്ചീനി ഭക്ഷിച്ചാല്‍ ആരോഗ്യപ്രശ്‌നം വല്ലതും ഉണ്ടാകുമോ? അതു പഠനം നടത്തുവാന്‍ പഠനസമിതി വേണം. മാത്രമല്ല പ്രകൃതിയില്‍ വല്ല വ്യതിയാനം സംഭവിക്കുമോ? അതും പഠന വിധേയമാക്കണം. ഒടുവില്‍ മന്ത്രിസഭയുടെ കാലാവധി അഞ്ചു വര്‍ഷം പൂര്‍ത്തിയായാലും കൃഷി നടക്കില്ല. ഖജനാവിലെ പണം പാഴാകുകയും ചെയ്യും. അപ്പോഴാണ് വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലഘട്ടം ചരിത്രപഠനം നടത്തുന്നവര്‍ ഓര്‍ത്തു പോകുന്നത്. ഇന്ന് മരച്ചീനിയുടെ വിലയും ഗുണവും ഉയര്‍ന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഏറ്റവും വിലകൂടിയ ഭക്ഷ്യഇനം മരച്ചീനിയും മീന്‍കറിയും മാത്രമായിരിക്കുന്നു. 1 കിലോ മരച്ചീനിയുടെ വില 15 രൂപയാണ്. ഉണക്കമരച്ചീനിക്ക് 50 രൂപ! ടൂറിസ്റ്റ് ഹോട്ടലുകളില്‍ ഒരു പ്ലെയിറ്റ് കപ്പയും കറിയും വില 250 രൂപ!

ദൈവമേ, വിശാഖം തിരുനാളേ! അങ്ങ് എത്രയോ വലിയ പുണ്യവാളനാകുന്നു!

(കേരളഭൂഷണം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ''മരച്ചീനിക്കിഴങ്ങും മലയാളനാടും'' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍)...  സ്നേഹ സന്ദേശത്തിന്റെ 2012 ഫെബ്രുവരി ലക്കത്തില്‍ ഇത് പുനഃപ്രസധീകരിച്ചു.) 

No comments:

Post a Comment