NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Wednesday, 15 February 2012

പഠിച്ചതേ പാടൂ


നമ്മുടെ ക്നാനായ നേതാക്കന്മാര്‍ ഒരു പ്രത്യേക ജനുസ്സില്‍ പെടുന്നവരാണ്.  മിക്കവരുടെയും കളരി, വേദപാഠ ക്ലാസ്സുകളായിരുന്നു.  അദ്ധ്യാപകന്‍ പഠിപ്പിക്കുന്നത്‌ കേട്ട്, പറഞ്ഞുതരുന്നതെല്ലാം കാണാതെ പഠിച്ച് അടുത്തയാഴ്ച അതെല്ലാം അപ്പടി ഉരുവിടുന്നവന്‍ നന്മനിറഞ്ഞവന്‍, മിടുക്കന്‍, മിടുമിടുക്കന്‍.  മെത്രാന്‍ വരുമ്പോള്‍ നാട്ടുകാരുടെ മുന്‍പില്‍ വച്ച് അവനു സമ്മാനം കിട്ടും.

ആണയിടരുത്” എന്ന് അദ്ധ്യാപകന്‍ കല്പിക്കുമ്പോള്‍, “ആണയിട്ടാല്‍ എന്താണ് കുഴപ്പം, അതുകൊണ്ടാര്‍ക്കാണ്  പ്രശ്നം?” എന്നെങ്ങാനും ഒരുത്തന്‍ ദൈവത്തിന്റെ ദാനമായി ലഭിച്ച കുഞ്ഞുബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു ചോദിച്ചു പോയാല്‍, ആണയിടുക എന്നത് ഇംഗ്ലീഷില്‍ Swearing എന്നു പറയുന്നതിന്റെ വികലമായ മലയാളമാണെന്നും, പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അത് “തെറി വാക്കുകള്‍ ഉപയോഗിക്കരുതെന്നു”മാണെന്നു വിശദീകരിക്കാന്‍ അറിയാത്ത അദ്ധ്യാപകന്‍ (അധ്യാപിക അല്ലെങ്കില്‍ കന്യാസ്ത്രീ) കുഴങ്ങും.  ഉടനെ ആ പാവം കുട്ടിയെ അറിയാവുന്ന ചീത്തയെല്ലാം വിളിക്കും; ചെകുത്താന്‍, കമ്മുണിസ്റ്റ്കാരന്‍, താന്തോന്നി, അലവലാതി, ഇതിനെല്ലാം പുറമേ അവനു ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു വിളിപ്പേരും കൊടുക്കും.  അല്പം ഉന്തിയ പല്ലുകള്‌ ഉണ്ടായിരുന്ന ഒരു കുട്ടി ഇതുപോലെ എന്തോ ചോദിച്ചപ്പോള്‍, ഞങ്ങളുടെ പഴയ ഒരു സാറ് അവനു കൊടുത്ത പേരാണ്, “പല്ലന്‍ വക്കീല്‍”  അയാള്‍ ഇന്നും ഞങ്ങളുടെ നാട്ടില്‍ പല്ലന്‍ വക്കീല്‍ എന്ന് അറിയപ്പെടുന്നു!

ഇതിന്റെയെല്ലാം ഫലമായി, കുട്ടികളുടെ ചിന്താശേഷി ചെറുപ്പം മുതലേ നമ്മുടെ സമൂഹം ഇല്ലാതാക്കുകയാണ്.

വേദപാഠ ക്ലാസ്സില്‍നിന്നും അവന്‍ (അവളും) വളര്‍ന്നു കഴിഞ്ഞാല്‍ പിന്നത്തെ അരങ്ങു KCYL ആണ്.  അവിടെ പ്രസിഡന്റ്‌, സെക്രട്ടറി, തുടങ്ങിയ എല്ലാ പദവികളും ഉണ്ട്; പക്ഷെ കാര്യങ്ങള്‍ നടത്തുന്നതെല്ലാം വികാരിയച്ചനായിരിക്കും എന്ന് മാത്രം.  കുട്ടിനേതാക്കള്‍ക്ക് വേദിയില്കയറി നേരത്തെ എഴുതി കാണിച്ചു, സമ്മതം വാങ്ങിയ പ്രസംഗം ശര്‍ദ്ദിക്കാം, പത്രമാസികകളില്‍ പല്ലിളിച്ചുകൊണ്ടുള്ള ഫോട്ടോ കൊടുക്കാം.  പിന്നെ ഒരു സൗകര്യം കൂടിയുണ്ട് – എതവനെങ്കിലും പാരവാഹിയെ വിമര്‍ശിച്ചാല്‍, വികാരിയച്ചനോട് അക്കാര്യം ഒന്ന് കൊളുത്തി കൊടുത്താല്‍ മതി – അച്ചന്‍ പറയും, "അവനോടു മറുപടിയും വിശദീകര്രണവും ഒന്നും വേണ്ട; അവനെ ഞാന്‍ കൈകാര്യം ചെയ്തോളാം."  അതോടെ വിമര്‍ശിച്ച ആ പാവത്തിന്റെ കാര്യം കട്ട പൊക!

ഇത്തരം കളരികളില്‍ പയറ്റി തെളിഞ്ഞു വന്നവര്‍ പ്രായപൂര്‍ത്തിയായാലും പഴയ ആ സ്വഭാവം കാണിക്കും.  ഈയുള്ളവന്റെ അറിവില്‍ പെട്ടിടത്തോളം, ശതാബ്ദിയോടനുബന്ധിച്ച് കോട്ടയത്ത്‌ നടന്ന പ്രവാസി സംഗമത്തില്‍ പോലും അമേരിക്കയിലും യു.കെ.യിലും താമസിക്കുന്ന വന്‍ നേതാക്കളോട് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പ്രബന്ധം നേരത്തെ തയ്യാറാക്കികാണിച്ചു അധികൃതരുടെ മുന്‍കൂര്‍ അനുവാദം വാങ്ങണം എന്ന് പറഞ്ഞിരുന്നു.

അല്മേനിയെ മന്ദബുദ്ധിയായേ വൈദികര്‍ക്ക് കാണാന്‍ കഴിയൂ.  പ്രായപൂര്‍ത്തിയെത്തിയവരായി നമ്മുടെ നേതാക്കന്മാര്‍ക്കും സ്വയം കാണാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ ഇതൊക്കെ തന്നെ.

ഇതൊക്കെ കൊണ്ടാണ് ചെറിയ പ്രശ്നത്തിനു പോലും മെത്രാനെയും മാര്പാപ്പയെയും ഒക്കെ വിളിക്കേണ്ടി വരുന്നത്.

അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും, സ്ഥാനാര്‍ഥികള്‍ക്ക് മാനസികവളര്‍ച്ച ഉണ്ടെന്നതിന്റെ എന്തെങ്കിലും തെളിവ് ഹാജരാക്കണം എന്ന് ഒരു നിയമം കൂടി ഉണ്ടാക്കുന്നത്‌ നന്നായിരിക്കും.  അതുവരെ, നമ്മുടെ നേതാക്കളെ നമുക്ക് സഹിക്കാം. വൈദികരെയും.

ഹമാരാ നേതാ കീ ജയ്!

1 comment:

  1. അനുസരണം അതാണ്‌ ഏറ്റവും നല്ല പുണ്യം. അനുസരരിക്കുന്ന അച്ചനെയാണ് തിരുമേനിമാര്‍ക്ക് ഇഷ്ടം. ഈ പുണ്യമുള്ള നേതാക്കളെ ആണ് അച്ചന്മാര്‍ക്ക് ഇഷ്ടം. അവര്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കും. അനുസരിക്കാത്ത അച്ചന് ഓണം കേറാമൂലയിലെ പള്ളികിട്ടും. കഴിവ് മാത്രം പോര മറിച്ച് ഒന്നും പറയാത്തവരെ കൂടെ നിറുത്തും. എതിര്‍ക്കുന്നവരെ ഒതുക്കി ഇടും. വീട്ടില്‍ പണം ഉള്ള അച്ചന്മാര്‍ പിടിച്ചു നില്‍ക്കും. ഇല്ലങ്ങില്‍ കഞ്ഞികുടി മുട്ടും. വിശ്വാസിക്ക് രൂപത കൌണ്സിലില്‍ കയറണം എങ്കിലും മറിച്ചല്ല. മാവില്‍ കിടക്കുന്നത് ചക്ക അല്ലെ എന്ന് ചോദിച്ചാല്‍ ചക്ക എന്ന് മാത്രം പോര ഒന്നാം തരാം തേന്‍ വരിക്ക ആണ് എന്ന് പറയുന്നവര്‍ക്കെ രക്ഷയുള്ളൂ. പിന്നെ എങ്ങനെ ഗതി പിടിക്കും. കൂട്ടത്തില്‍ നിന്ന് പണവും പ്രതാപവും നേടുന്നവര്‍ ഭാഗ്യവാന്മാര്‍.. നിങ്ങള്‍ മരിക്കുമ്പോള്‍ തിരുമേനിമാര്‍ വന്നു നിങ്ങളെ നിത്യവിശ്രമത്തിനു തൊപ്പി വച്ച് വന്നു യാത്ര ആക്കും.

    ReplyDelete