കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികളായ കോണ്‍ഗ്രസിന്റേയും സി.പി.എമ്മിന്റേയും അവരോടൊപ്പം നില്‍ക്കുന്ന മുന്നണി ഘടകകക്ഷികളുടേയും ബി.ജെ.പി.യുടേയും നേതാക്കള്‍ക്ക് ഇപ്പോള്‍ ഒരു കാര്യം ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. തങ്ങള്‍ കണ്ണടച്ചുകളയുകയും അല്ലെങ്കില് അനുഗ്രഹം നല്‍കുകയും ചെയ്‌താല്‍ ഈ സംസ്‌ഥാനത്ത് ഏതു തൊഴിലാളികളേയും ജീവനക്കാരേയും ഏതു തൊഴിലുടമയ്‌ക്കും എത്രവേണമെങ്കിലും ചൂഷണം ചെയ്യാന്‍ കഴിയുമെന്നും അതിനെതിരേ ശബ്‌ദമുയര്‍ത്താന്‍ ആരും ഈ സംസ്‌ഥാനത്തുണ്ടാവുകയില്ലെന്നുമുള്ള കാര്യം.
കേരളത്തിലെ സ്വകാര്യാശുപത്രികളിലെ, പ്രത്യേകിച്ച് പഞ്ചനക്ഷത്ര ആശുപത്രികളിലെ, നഴ്‌സുമാര്‍ ഈ രാഷ്‌ട്രീയ പാര്‍ട്ടികളുടെയൊന്നും യാതൊരു പിന്തുണയുമില്ലാതെ വിജയകരമായി നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന പണിമുടക്കു സമരങ്ങള്‍ വിളിച്ചോതുന്നതു അതാണ്. കേരളത്തില്‍ ഏറ്റവും ഹീനമായ ചൂഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്ന നഴ്‌സുമാര്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എന്ന ഒരു അജ്‌ഞാത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഏറ്റവും രഹസ്യമായി സംഘടിച്ചാണ് ആശുപത്രി ഉടമകള്‍ക്കു സാവകാശം നല്‍കിയതിനുശേഷം പണിമുടക്ക് സമരം ആരംഭിച്ചത്.
മനുഷ്യസ്‌നേഹത്തേയും നീതിയേയുംകുറിച്ച് രാപ്പകല്‍ വാതോരാതെ പ്രസംഗിക്കുന്ന ക്രൈസ്‌തവ ബിഷപ്പുമാരുടേയും മാതാ അമൃതാനന്ദമയിയുടേയും മറ്റും നേതൃത്വത്തിലുള്ള ആശുപത്രികളിലും മറ്റു ചില പഞ്ചനക്ഷത്ര ആശുപത്രികളിലുമാണു പെട്ടെന്നു പണിമുടക്കാരംഭിച്ചത്. ഒരു ഡോക്‌ടറാകുന്നതിനുള്ള മെഡിക്കല്‍ ഡിഗ്രി വിദ്യാഭ്യാസത്തിനു തുല്യമായ ബി.എസ്സി (നഴ്‌സിംഗ്) ഡിഗ്രി കോഴ്‌സ് പാസായതിനുശേഷം ഈ ആശുപത്രികളില്‍ ജോലി ചെയ്‌തിരുന്ന ഒരു നഴ്‌സിനു പ്രതിമാസം നല്‍കിവന്ന ശമ്പളം രണ്ടായിരത്തി അഞ്ഞൂറു രൂപയും മറ്റുമായിരുന്നെന്നു കേള്‍ക്കുമ്പോള്‍ ലോകം ഞെട്ടിപ്പോകും.
മൂന്നോ നാലോ മണിക്കൂര്‍ വീട്ടുജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക് ഇന്നു കേരളത്തില്‍ നാലായിരവും അയ്യായിരവും വേതനം കിട്ടും. നഴ്‌സിംഗ് പഠനവും നടത്താതെ നാലാംക്ലാസും ഡ്രില്ലും മാത്രം പഠിച്ചിട്ടുള്ള സ്‌ത്രീകള്‍ വൃദ്ധന്മാരേയും രോഗികളേയും മറ്റും പരിചരിക്കാന്‍ വീടുകളില്‍ ഹോംനഴ്‌സുമാരായി ജോലി ചെയ്യുമ്പോള്‍ ഭക്ഷണത്തിനും താമസസൗകര്യത്തിനും പുറമെ ആറായിരവും ഏഴായിരവും രൂപയാണ് കുറഞ്ഞത് മാസം ശമ്പളം. അവിടെയാണു ബാങ്കുകളില്‍നിന്നും ആറു ലക്ഷവും ഏഴു ലക്ഷവും രൂപ വായ്‌പയെടുത്ത് മൂന്നും നാലും വര്‍ഷം പഠിച്ച് ഡിഗ്രിയെടുത്ത നഴ്‌സിനു രണ്ടായിരത്തി അഞ്ഞൂറു രൂപ ആശുപത്രി ഉടമകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസവായ്‌പയെടുത്ത തുക തിരിച്ചടയ്‌ക്കാന്‍ ആറായിരവും ഏഴായിരവും രൂപ വീതം ഓരോ മാസവും വേണ്ടിവരുന്ന നഴ്‌സാണു മനസാശപിച്ചുകൊണ്ട് രണ്ടായിരത്തി അഞ്ഞൂറു രൂപ വാങ്ങി ജോലി ചെയ്‌തുകൊണ്ടിരുന്നത്. എന്തിനുവേണ്ടി അവര്‍ അങ്ങനെ തയാറായി എന്നു ചോദിച്ചാല്‍ മൂന്നോ നാലോ വര്‍ഷം ജോലി ചെയ്‌ത് പരിചയം ലഭിച്ചാല്‍ ആ പരിചയ സര്‍ട്ടിഫിക്കറ്റുമായി ഏതെങ്കിലും വിദേശ രാജ്യത്തുപോയി ജോലി ചെയ്‌തു ചെയ്യുന്ന വേലയ്‌ക്കു ന്യായമായ ശമ്പളം വാങ്ങി ജീവിതം കെട്ടിപ്പടുക്കാമെന്നുള്ള ഏക പ്രതീക്ഷകൊണ്ടു മാത്രമാണതിനവര്‍ തയാറായതെന്നാണ് അവരുടെ മറുപടി.
എന്തുകൊണ്ടു കേരളത്തിലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഈ കിരാത ചൂഷണത്തിനെതിരേ മൗനമവലംബിച്ചു, അല്ലെങ്കില്‍ അതിനു ചൂട്ടുപിടിച്ചുകൊടുത്തു എന്നു ചോദിച്ചാല്‍ ഒരേയൊരു മറുപടിയേയുള്ളു. ഈ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഈ ആശുപത്രികള്‍ ചികിത്സയുടെ കാര്യത്തില്‍ വലിയ സൗജന്യങ്ങള്‍ നല്‍കി അതിന്റെ മാനേജ്‌മെന്റ് അവരെ പ്രീണിപ്പിച്ചുകൊണ്ടിരുന്നു എന്നതാണ് ആ രഹസ്യം.
വെയിറ്റിംഗ്‌ഷെഡില്‍ ബസു കാത്തുനില്‍ക്കുന്ന യാത്രക്കാരേയും കവലകളില്‍ വായില്‍നോക്കി നില്‍ക്കുന്നവരേയും വരെ സംഘടിപ്പിച്ച് യൂണിയനുകളുണ്ടാക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളാണു നഴ്‌സുമാരുടെ കാര്യത്തില്‍ മുഖംതിരിച്ചുകളഞ്ഞതെന്ന് നാം ഓര്‍ക്കണം. ഏകാധിപത്യം കൊടികുത്തി വാഴുന്ന അറബ് രാജ്യങ്ങളില്‍ സ്വാതന്ത്ര്യബോധത്തിന്റെ ഒരു വസന്തം വിരിയിക്കാന്‍ കമ്പ്യൂട്ടറിലെ ഫേസ് ബുക്കിലും ട്വിറ്ററിലും കൂടി ജനങ്ങള്‍ സംഘടിച്ചതുപോലെയാണു കേരളത്തിലെ സ്വകാര്യാശുപത്രി നഴ്‌സുമാര്‍ സംഘടിച്ച് സമരത്തിനിറങ്ങിയതെന്നതാണ് കൗതുകകരമായ കാര്യം. രാഷ്‌ട്രീയപാര്‍ട്ടികള്‍ ആശുപത്രിയുടമകളുടെ ശിങ്കിടികളായി മാറിയാല്‍ പിന്നെ ഇതല്ലേ ഒരു മാര്‍ഗമുള്ളൂ? സ്വകാര്യാശുപത്രികളില്‍ നടക്കുന്ന നഗ്ന ചൂഷണത്തെപ്പറ്റി ചില മുഖ്യധാരാ പത്രങ്ങള്‍ ചില ലേഖനപരമ്പരകള്‍ നേരത്തെ എഴുതിയതാണ്. പക്ഷേ ഉറക്കം നടിച്ചുകിടക്കുന്ന രാഷ്‌ട്രീയ നേതാക്കളുടെ കണ്ണുകളൊന്നു തുറപ്പിക്കാന്‍ അവയ്‌ക്കു കഴിഞ്ഞില്ല.
ഒടുവില്‍ വ്യാപകമായ പണിമുടക്കുണ്ടായപ്പോള്‍ സ്വകാര്യാശുപത്രി ഉടമകള്‍ ഞടുങ്ങി. പണിമുടക്കു വിജയത്തിലേയ്‌ക്ക് കുതിക്കാന്‍ തുടങ്ങിയപ്പോള്‍ ഏതു സമരത്തിനും നേതൃത്വം നല്‍കുന്ന വി.എസ്. അച്യുതാനന്ദനെപ്പോലെയുള്ള നേതാക്കള്‍ തലയില്‍ മുണ്ടിട്ട് പതുങ്ങിപ്പതുങ്ങി സമരപ്പന്തലിനു മുന്‍പില്‍ചെന്നു നഴ്‌സുമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. ഞങ്ങള്‍ക്ക് ആരുടേയും പിന്തുണ വേണ്ടെന്നും ഞങ്ങള്‍ക്ക് ഞങ്ങളുടെ സംഘടിത ശക്‌തി മാത്രം മതിയെന്നും അവര്‍ നേതൃത്വം നല്‍കിയ യു.എന്‍.എ. പറഞ്ഞിട്ടും രാഷ്‌ട്രീയ നേതാക്കള്‍ക്ക് സമരത്തിന്റെ പിന്നാലെ ചെല്ലാതിരിക്കാന്‍ കഴിയാതെവന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ചൂഷണത്തിനെതിരേ സമരം തുടങ്ങിയപ്പോള്‍ ക്രിസ്‌തീയ സഭാ വിശ്വാസത്തിനെതിരാണു പണിമുടക്കെന്നു സഭാപിതാക്കള്‍ വ്യാഖ്യാനം നല്‍കി. വേല ചെയ്യുന്നവര്‍ക്കു അര്‍ഹമായ കൂലി കൊടുക്കരുതെന്നു യേശുക്രിസ്‌തു ഈ സഭാപിതാക്കന്മാരെ പഠിപ്പിച്ചിട്ടുണ്ടോ?.
അതുകൊണ്ട് നഴ്‌സുമാരുടെ പണിമുടക്കിനെ എതിര്‍ത്തുകൊണ്ട് വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി അങ്കമാലി തെരുവുകളില്‍ പ്രകടനം നടത്തി സഭയെ രക്ഷിക്കാന്‍ സഭാപിതാക്കന്മാര്‍ അതിരൂപതയിലുള്ള എല്ലാ വിശ്വാസികളേയും ആഹ്വാനം ചെയ്‌തു. വേല ചെയ്യുന്നതിനു കൂലി ചോദിച്ച നഴ്‌സുമാരുടെ സമരത്തിനെതിരേ അങ്കമാലിയില്‍ നടത്തിയ പ്രകടനത്തിനു പക്ഷേ വിശ്വാസികള്‍ ചെന്നില്ല. ളോഹ ധരിച്ച കുറേ വൈദികരും അവരോടൊപ്പം അവരുടെ ചോറ്റുപട്ടാളക്കാരായി പ്രവര്‍ത്തിക്കുന്ന, നടത്തുന്ന ഏതാനും ചില യുവജനസംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. റോഡിന്റെ ഇരുഭാഗത്തും കാണികളായി കൂടിനിന്ന നൂറുകണക്കിനു വിശ്വാസികള്‍ കൂക്കിവിളിച്ചപ്പോള്‍ പ്രകടനക്കാര്‍ ലജ്‌ജാവിവശരായി സ്‌ഥലംവിടുകയും ചെയ്‌തു.
വേല ചെയ്യുന്നവര്‍ക്കു കൂലി കൊടുക്കുകയില്ലെന്ന വാശിപിടിക്കുന്ന ഒരു മെത്രാന്റേയും വൈദികന്റേയും കൂടെ നില്‍ക്കാന്‍ ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന ഒരു യഥാര്‍ഥ ക്രിസ്‌ത്യാനിയേയും ഇനിയും കിട്ടുകയില്ലെന്നതാണു യാഥാര്‍ഥ്യം. കാലംമാറിയതൊന്നും സഭാധ്യക്ഷന്മാര്‍ ഇനിയും മനസിലാക്കിയിട്ടില്ല.
തൊഴിലാളി യൂണിയനുകളെ സംഘടിപ്പിക്കുന്നതില്‍ ആവേശം കാണിക്കുന്ന കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സി.യും സ്വകാര്യാശുപത്രികളുടെ താല്‍പ്പര്യത്തിനൊത്തു തുള്ളിയപ്പോള്‍ അറിയാതിരുന്ന ഒരു കാര്യം പിന്നീടാണ് അവര്‍ മനസിലാക്കിയത്.
കേരളത്തിലെ നഴ്‌സ് സമരത്തിനു നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാഭ്യാസം നേടിയ ഒരുസംഘം ടെക്‌നോക്രാറ്റുകളുമാണെന്ന കാര്യം. രാഹുല്‍ ആസൂത്രണം ചെയ്‌ത സമരം ആദ്യം വിജയകരമായി നടത്തിയതു ഡല്‍ഹിയിലെ ആശുപത്രികളിലാണ്. അതിന്റെ നേതൃത്വത്തിനായി മഹിളാ കോണ്‍ഗ്രസ് നേതാവ് ഉഷാ കൃഷ്‌ണകുമാറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ഈ യാഥാര്‍ഥ്യം മനസിലാക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് വ്യക്‌തമായ നിര്‍ദേശം ലഭിക്കുകയും ചെയ്‌തപ്പോള്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന സംസ്‌ഥാന സര്‍ക്കാര്‍ സമരക്കാര്‍ക്ക് അനുകൂലമായി രംഗത്തുവന്നു. അല്ലെങ്കില്‍ രംഗത്തുവരാതെ നിവര്‍ത്തിയില്ലെന്ന നിലവന്നു. അതോടെ തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് അനുകൂലമായി ശക്‌തമായ നിലപാടാണു കൈക്കൊണ്ടത്. അതോടെ സി.പി.എമ്മും സമരത്തിന് അനുകൂലമായി നിലപാടെടുക്കാന്‍ നിര്‍ബന്ധിതമായി. അതിനുവേണ്ടി യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ.ക്കാരെയാണ് ആദ്യം പാര്‍ട്ടി അഴിച്ചുവിട്ടത്. നഴ്‌സ് സമരക്കാര്യത്തില്‍ മന്ത്രി ഷിബുവിന്റെ നടപടികള്‍ക്ക് വീര്യം പോര എന്ന മട്ടില്‍ മന്ത്രിയുടെ കോലം കത്തിക്കുക തുടങ്ങിയ സ്‌ഥിരം സമരരീതിയാണു ഡി.വൈ.എഫ്.ഐ.ക്കാര്‍ അവലംബിച്ചത്. അതിനോട് മന്ത്രി ഷിബു പ്രതികരിച്ചത്, തന്റെ കോലം കത്തിക്കുന്നതിനു പകരം മിനിമം വേജസ് നല്‍കാത്ത ആശുപത്രികളിലേക്കാണു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ്.
എറണാകുളത്തു സി.പി.എം. കമ്മിറ്റിയുടെ ഉടമസ്‌ഥതയില്‍ നടക്കുന്ന എ.പി. വര്‍ക്കി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒരു നഴ്‌സിനുപോലും മിനിമം വേതനം നല്‍കുന്നില്ലെന്നും അതുപോലെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ഇ.എം.എസ്. മെമ്മോറിയല്‍ സഹകരണ ആശുപത്രിയിലും ഒരാള്‍ക്കുപോലും മിനിമം വേതനം നടപ്പാക്കിയിട്ടില്ലെന്നും മന്ത്രി ഷിബു പറഞ്ഞപ്പോള്‍ ഡി.വൈ.എഫ്.ഐ. വിപ്ലവകാരികള്‍ ഇളിഭ്യരായിപ്പോയി. സി.പി.എമ്മില്‍നിന്ന് വിടപറഞ്ഞ് ഇപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.എ.യായി മാറിയ എ.പി. അബ്‌ദുള്ളക്കുട്ടി ഈ യുവജനങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നതും ന്യൂജനറേഷന്‍ കൂലിപ്പണിക്കാരാണെന്നാണ്. എന്നുവച്ചാല്‍ പാര്‍ട്ടി നേതാക്കള്‍ ഉത്തരവുകൊടുത്താല്‍ അത് അക്ഷരംപ്രതി അനുസരിക്കുന്ന കൂലിപ്പട.
ഈ ന്യൂജനറേഷന്‍ കൂലിപ്പണിക്കാരില്‍നിന്ന് വ്യത്യസ്‌തമായ ഒരു യുവജന പ്രസ്‌ഥാനം ആസന്നഭാവിയില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികളിലും വളര്‍ന്നു വരുമെന്ന കാര്യത്തില്‍ സംശയമില്ല. മേലാളന്മാരുടെ പാദസേവയാണു യുവജനപ്രവര്‍ത്തനം എന്നു വിശ്വസിക്കുന്ന ഇപ്പോഴത്തെ തലമുറ കാലത്തിനു അപമാനമാണെന്നു പുതിയ യുവജനങ്ങളുടെ സംഘങ്ങള്‍ നേതൃത്വരംഗത്തു വരുമ്പോള്‍ അവര്‍ക്കു ബോധ്യമാവുകതന്നെ ചെയ്യും.
നഴ്‌സുമാരുടെ സമരം ഇവിടംകൊണ്ടു അവസാനിക്കാന്‍ പോകുന്നില്ല. ഇനി രാഹുല്‍ഗാന്ധിയുടേയും സംഘത്തിന്റെയും നീക്കങ്ങളുടെ ഭാഗമായി സമരം നടക്കാന്‍ പോകുന്നതു സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന കൊള്ളലാഭത്തിനും ചൂഷണങ്ങള്‍ക്കും അഴിമതിക്കും എതിരേയാണ്.
അതിനുവേണ്ടി ചൂഷിതരായ അധ്യാപകരുടെ വെബ്‌സൈറ്റുകളും ഫോണ്‍ നമ്പരുകളുമെല്ലാം നീങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ കൊള്ളലാഭക്കാരായ മാനേജ്‌മെന്റിന്റെ കാവല്‍ക്കാരായി പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കും ഇനി പ്രഹരമേല്‍ക്കാന്‍ പോകുന്നത് അവരില്‍നിന്നായിരിക്കും. അവരുടെ സമര വിജയങ്ങളില്‍നിന്നുമായിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
കെ. എം. റോയ്
(കടപ്പാട്: മംഗളം ഓണ്‍ലൈന്‍)
Congrats to K.M Roy for the fine article in Mangalam online and to the British kna blog for publishing it here . You have written about the subject in depth. Hope this will open the conscious of society towards the exploitation of nurses working in the private sector in India, particularly in Kerala.
ReplyDelete