(അഥവാ പ്രാഞ്ചിയേട്ടന്മാര്‍ ദാനം ചെയ്യുന്നതെന്തുകൊണ്ട്?)
കുരുവിളച്ചേട്ടന്‍ ചോദിക്കാതെയാണ് കഥപറയാന്‍ തുടങ്ങിയത്. ചോദ്യമില്ലാതെ, ചിന്തിപ്പിക്കുന്ന ഒരുപാട് ഉത്തരങ്ങള്‍.
കുരുവിളച്ചേട്ടന്‍ പാടത്തും പറമ്പിലും പണിയെടുക്കുന്ന ഒരു സാദാ മധ്യതിരുവിതാംകൂര്‍ നസ്രാണിച്ചേട്ടനല്ല. ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പുലിയാണ്. തെളിച്ചുപറഞ്ഞാല്‍ അധ്യാപകന്‍ - വെറും അധ്യാപകനല്ല, പ്രധാനാധ്യാപകന്‍ - ആയിരുന്നു. പ്രധാനാധ്യാപകരെക്കുറിച്ച് സാക്ഷാല്‍ ചര്‍ച്ചില്‍ പറഞ്ഞതു കേള്‍ക്കണോ?
“Headmasters have power at their disposal with which Prime Ministers have never yet been invested!’’
കഥയിലേക്ക്.
ചേട്ടനിപ്പോള്‍ എഴുപത്താറുവയസ്സ്. അദ്ദേഹത്തിന് ആറുവയസ്സ് പ്രായമുള്ളപ്പോള്‍ നടന്ന സംഭവമാണ് (ഉദ്ദേശം, 1942-ല്‍).
അതിരാവിലെ അപ്പനുമമ്മയും കുഞ്ഞുകുരുവിളയെ ഉറക്കത്തില്‍ നിന്നും തട്ടിയെഴുന്നേല്‍പ്പിക്കുന്നു. അമ്മ ഒരു ചൂട്ടുകത്തിച്ചു കൊടുത്തു. അതുമായി പാതിയുറക്കത്തില്‍ കുരുവിള മുമ്പിലും ''ഊട്ടിനു മുമ്പേ ചൂട്ടിനു പിമ്പേ'' എന്ന ന്യായം അനുസരിച്ച് തലയില്‍ ഒരു വല്ലക്കുട്ട നിറയെ തേങ്ങയുമായി കുരുവിളയുടെ അപ്പന്‍ പിറകെയും നടന്നു. യാത്ര അവസാനിച്ചത് പള്ളിമേടയിലാണ്. വരാന്തയില്‍ തേങ്ങ കുടഞ്ഞിട്ട്, ആരോടുമൊന്നും പറയാതെ അവര്‍ തിരികെനടന്നു. യാത്രയ്ക്ക് ഏതാണ്ട് അഞ്ച് ചൂട്ട് ചെലവായി. നേരംവെളുക്കുന്നതിനുമുമ്പ് അപ്പനും മകനും വീട്ടിലെത്തി.
അത്യാവശ്യം ധനാഢ്യനായ തന്റെ അപ്പന്‍ പതിവില്ലാതെ കുട്ടയും ചുമന്ന് പള്ളിയില്‍ പോയതിനൊരു വിശദീകരണം കുരുവിളയ്ക്ക് വര്‍ഷങ്ങളോളം കിട്ടിയില്ല. ഏറെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ പിന്നീട് ആ രഹസ്യം കുരുവിളയോടു വെളിപ്പെടുത്തി.
കുരുവിളയുടെ വീട്ടില്‍ പണിയ്ക്കുവരുന്ന വാസു ഒരിക്കല്‍ മലയ്ക്കുപോകുന്നതിനുമുമ്പ് വീട്ടില്‍ വന്ന് അനുവാദം ചോദിച്ച് ഏറ്റവും ചെറുതുനോക്കി ഒരു തേങ്ങയെടുത്തു. തേങ്ങ നിറച്ച് നെയ്യ് കൊണ്ടുപോയി ശബരിമലയിലെ അയ്യപ്പനു കൊടുക്കാനാണ്. തേങ്ങയുടെ വലിപ്പം പ്രശ്‌നമല്ല. നെയ്ക്കാണെങ്കില്‍ തീപിടിച്ച വില. വാസുവിന്റെ പറമ്പിലെ തെങ്ങില്‍ ഇത്രയും ചെറിയ തേങ്ങയില്ല. ആ സംഭവം അങ്ങനെ കഴിഞ്ഞു.
മാസങ്ങള്‍ക്കുശേഷം ആണ്ടു കുമ്പസാരത്തിനായി പള്ളിയില്‍ കാത്തിരുന്നപ്പോള്‍ അപ്പന്‍ ഈ സംഭവം ഒരാവശ്യവും ഇല്ലാതെ ഓര്‍ത്തു. കര്‍ത്താവേ, നല്ലൊരു കത്തോലിക്കനായ എന്റെ തേങ്ങയാണല്ലോ അയ്യപ്പനു കിട്ടിയത്. ഇനി കര്‍ത്താവിന് അത് ഇഷ്ടപ്പെടാതെയെങ്ങാനും വരുമോ? ഇല്ല, ദൈവം എന്നൊക്കെപ്പറഞ്ഞാല്‍ മനുഷ്യരെപ്പോലെ അസൂയപ്പണ്ടാരമൊന്നുമല്ല. ഏതായാലും അച്ചനോടൊന്നു പറഞ്ഞേക്കാം.
''സാരമില്ലെടാ'' എന്ന് അച്ചന്‍ പറയുമെന്നാണ് ഓര്‍ത്തത്. പക്ഷേ കഥ കേട്ടപ്പോള്‍ അച്ചന്റെ മട്ടുമാറി. അച്ചന്‍ തലയ്ക്ക് കൈയുംകൊടുത്ത് ഒറ്റഇരുപ്പ്. കുറേനേരത്തേയ്ക്ക് മിണ്ടാട്ടമേയില്ല. കുറെക്കഴിഞ്ഞപ്പോള്‍ എല്ലാവരും കേള്‍ക്കെ പെട്ടെന്നു ചോദിച്ചു ''താന്‍ ചെയ്ത പാപത്തിന്റെ ഗൗരവം തനിക്കു മനസ്സിലാകുന്നുണ്ടോ?''
സത്യത്തില്‍ തൊലിയുരിഞ്ഞുപോയി.
അച്ചന്‍ ശബ്ദം താഴ്ത്തി തുടര്‍ന്നു. അച്ചന്‍ പറഞ്ഞതനുസരിച്ച് കണ്ട കാട്ടിലും മലയിലും ഒക്കെ കൊണ്ടുവച്ച് ഇവന്മാര്‍ പൂജിക്കുന്ന ഈ സാധനങ്ങള്‍ സാത്താന്റെ ഓരോ വകഭേദങ്ങളാണ്. കാര്‍ന്നോര് ചെയ്തത് ശരിക്കും സാത്താന്‍സേവയാണ്. തന്റെ കാരണവന്മാരുടെ സുകൃതംകൊണ്ടാണ് ഇതു പറഞ്ഞുകുമ്പസാരിക്കാനുള്ള ആയുസ്സ് ദൈവം തന്നത്. ഇതുപറഞ്ഞുകുമ്പസാരിക്കാനൊക്കാതെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ തന്റെ ആത്മാവിന്റെ ഗതി എന്താകുമായിരുന്നു!
''അച്ചാ, ഇനി എന്താണൊരു പോംവഴി? ശബരിമലയില്‍ കൊടുത്തുവിട്ട തേങ്ങ ഇനി തിരിച്ചെടുക്കാന്‍ വയ്യല്ലോ'' എന്ന് ഏതാണ്ട് കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തില്‍ ചോദിച്ചു.
''രാവിലെ മറ്റുള്ളവര്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് കൊന്ത എത്തിക്കണം. മുടങ്ങാതെ, 53 ദിവസങ്ങള്‍ ചൊല്ലണം. മുടക്കംവരുത്തിയിട്ട് എന്റെയരുകില്‍ വന്നേക്കരുത്. പിന്നെ, മുഴുത്തതുനോക്കി, പതിനഞ്ചു തേങ്ങ പള്ളിയ്ക്ക് കൊടുത്തേര്. ദൈവം പൊറുക്കും. ഞാന്‍ പ്രാര്‍ത്ഥിക്കാം. ഏതായാലും പറഞ്ഞു കുമ്പസാരിക്കാന്‍ സാധിച്ചല്ലോ. കന്യകാമാതാവിനോട് പ്രത്യേകം നന്ദി പറഞ്ഞേര്. എഴുന്നേറ്റു പൊയ്‌ക്കോ.''
കുരുവിളച്ചേട്ടന്‍ തന്റെ അപ്പന്റെ ഈ കഥ പറഞ്ഞത് മറ്റൊരുകാര്യം സ്ഥാപിക്കാനായിരുന്നു.
''എടാ, നമ്മുടെ ഓരോ കുഞ്ഞച്ചന്മാര് പളളിക്കും കുരിശുപളളിക്കും ഒക്കെ സ്ഥലം എഴുതി കൊടുക്കുന്നതും വന്‍തുക ദാനം ചെയ്യുന്നതും ഒക്കെ കണ്ടിട്ടില്ലേ? പലപ്പോഴും ഭാര്യയുടെയും മക്കളുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് ഇത്തരം സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നത്. അറുത്തകൈക്ക് ഉപ്പുതേക്കാത്ത അര്‍ക്കീസ്മാരാണവര്‍. പിന്നെ എന്തുകൊണ്ടാണവര്‍ പള്ളിക്കാര്യത്തില്‍ മാത്രം ഇങ്ങനെ ''കര്‍ണ്ണന്റെ ചേച്ചി''യാകുന്നത്?
അവന്മാര്‍ നേരമ്പോക്കിന് ഓരോ നാറ്റപ്പണികള്‍ കാണിക്കും. കുമ്പസാരിക്കുമ്പോള്‍ അച്ചനതു മൊതലാക്കും. അത്രതന്നെ!
അവന്മാര്‍ നേരമ്പോക്കിന് ഓരോ നാറ്റപ്പണികള്‍ കാണിക്കും. കുമ്പസാരിക്കുമ്പോള്‍ അച്ചനതു മൊതലാക്കും. അത്രതന്നെ!
നമ്മുടെ പ്രാഞ്ചിയേട്ടന്മാരുടെ ഭാര്യമാര്‍ ഒന്നു ശ്രദ്ധിക്കുക. ചേട്ടന്മാരുടെ ദാനധര്‍മ്മത്തിന്റെ പിന്നില്‍ ഇതുപോലെ വല്ല കുമ്പസാര രഹസ്യവും ഉണ്ടോ എന്ന് ഒതുക്കത്തില്‍ ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും.
അച്ചനോടു ചോദിച്ചിട്ടു കാര്യമില്ല. ജീവന്‍ പോയാലും വൈദികര്‍ കുമ്പസാരരഹസ്യം പുറത്തുവിടുകയില്ല.
(സ്നേഹ സന്ദേശം മാര്‍ച്ച് 2012 ലക്കം)
നാളെ പിതാവുമായി കൂടികാഴ്ച. പിതാവിനെ കാണുമ്പോള്‍ കുളത്തുംതലയുടെ കവാത്തു മാറുമോ എന്ന് കണ്ടറിയാം. നാണം കെട്ട് വാലും ചുരുട്ടി പിതാവിന്‍റെ പുറകെ പോയാല്‍ വലുമുറിച്ചു ചവിട്ടി കൂട്ടി ബിന്നില്‍ ഇടും കരുതി ഇരുന്നോ.
ReplyDelete