(എല്ലാ ഡിസംബര്‍ 26ാം തിയതികളിലും ഉഴവൂര് നടത്തിവരുന്ന വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ അമേരിക്കയില്‍ ന്യൂ യോര്‍ക്കിലെ മലയാളികള്‍ മെയ് മാസത്തിലാണ് കൊണ്ടാടുന്നത്. അതിനെക്കുറിച്ച് അമേരിക്കന്‍ ക്നായിലൂടെ വന്നതാണ് ഈ നര്‍മ ലേഖനം)
നൂറ്റാണ്ടുകളോന്നും പിറകോട്ടു പോകേണ്ട, ഒരു അറുപതു അല്ലെങ്കില്‍ എഴുപതു കൊല്ലം പിന്നോട്ട് ചെന്നാല്‍, ക്നാനായ പള്ളികളില്‍ ഷര്‍ട്ട് ധരിച്ചു വരുന്നവര്‍ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. പണ്ടുകാലം മുതലേ ഉള്ളതില്‍ ഏറ്റവും നല്ല വേഷം ധരിച്ചാണ് പുരുഷന്മാരും സ്ത്രീകളും പള്ളിയില്‍ എത്തിയിരുന്നത്. എന്നിട്ടും, ഈ പറഞ്ഞ എഴുപതു വര്ഷം മുമ്പ് ഒറ്റമുണ്ടും തോര്‍ത്തും മാത്രം ധരിച്ചാണ് പുരുഷന്മാര്‍ എല്ലാവരും തന്നെ കുര്‍ബാനയ്ക്കും പെരുന്നാളിനും വന്നിരുന്നത്. സാറന്മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയ വിരലില്‍ എവുന്നവര്‍ ആണ് നാടന്‍പ്രഭുക്കന്മാരെ പോലെ അന്ന് ഷര്‍ട്ട്ധാരികളായി നടന്നിരുന്നത്.
അതിനു ശേഷം മുണ്ടിന് വന്ന പരിണാമം രസകരമാണ്. ഒറ്റമുണ്ട് ഡബിള്‍മുണ്ടായി. ഇടയ്ക്ക് ഗള്‍ഫ് മുണ്ട് വന്നു, പക്ഷെ, അരയില്‍ നില്‍ക്കാത്ത ആ മുണ്ടിന് അധികം ആയുസ്സുണ്ടായില്ല. സാധാരണക്കാര്‍ മിക്കവരും മുണ്ടുപേക്ഷിച്ചു സായിപ്പിന്റെ പിന്നാലെ പോയി. ഓര്‍ക്കാപ്പുറത്ത് മഴ പെയ്യുകയും, മുട്ടുനീര്‍ വെള്ളത്തില്‍ നടക്കെണ്ടി വരികയും ചെയ്യുന്ന നമ്മുടെ നാട്ടിലെ കാലാവസ്ഥയില്‍ മടക്കി കുത്താവുന്ന മുണ്ടിനോളം നല്ല വേഷമില്ല. പക്ഷെ, മലയാളിയ്ക്ക് മുണ്ടിന്റെ ഉപയോഗം ഉറങ്ങുമ്പോള്‍ മാത്രമായി ചുരുങ്ങി. അതിന്റെ പിന്നില്‍ വാത്സ്യായനുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ ഉണ്ട്. അതൊന്നും പിള്ളേര് കേള്‍ക്കെ പറയാന്‍ കൊള്ളില്ല. അത് പോട്ടെ.
നമ്മുടെ രാഷ്ട്രീയനേതാക്കന്മാരെ എന്തൊക്കെ പറഞ്ഞാലും അവര്‍ ഒരു നല്ല കാര്യം ചെയ്തു – അവര്‍ മാത്രം മുണ്ട് ഉപേക്ഷിച്ചില്ല. ഡല്‍ഹിയാത്രയില്‍ മാത്രമാണ് അവര്‍ കാലുറ ഇട്ടതു. ഡല്‍ഹിയില്‍കൂടെ പോലും നമ്മുടെ ചില നേതാക്കള്‍ മുണ്ട് ധരിച്ചു നടക്കുന്നത് കണ്ടിട്ടുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു. നേരാണോ ആവോ.
അങ്ങനെയിരിക്കെ, നേതാക്കന്മാര്‍ അഴിമതിയില്‍ കുളിച്ചു നിന്ന് സമ്പന്നരായി. പരിപ്പുവട തിന്നവനൊക്കെ വറത്ത കോഴിക്കക്ഷണങ്ങള്‍ സ്കൊചിനോപ്പം അടിക്കാന്‍ തുടങ്ങിയപ്പോള്‍, അവര്‍ സാധാരണക്കാരന് അനുകരണീയരായി. മുണ്ട് മുണ്ടായിതന്നെ തുടര്‍ന്നെങ്കിലും അവനു മാറ്റങ്ങള്‍ ഉണ്ടായി. നീലം ഉണ്ടാക്കി അരിഷ്ടിച്ചു ജീവിച്ചിരുന്ന ഉജാല എന്ന കമ്പനി Stiff and Shine എന്ന പ്രോഡക്റ്റ് ഇറക്കി ലക്ഷങ്ങള്‍ കൊയ്തു. തേപ്പുപെട്ടിയുമായി കേരളത്തില്‍ വന്ന തമിഴന്‍ അവന്റെ നാട്ടില്‍ ഏക്കറുകള്‍ വാങ്ങി. മലയാളിയുടെ മുണ്ട് ഏതാണ്ട് പ്ലൈവുഡ് പരുവമായി. മഴയത്തു പോലും മടക്കികുത്താന്‍ വയ്യാത്ത ഒരു സാധനം! പക്ഷെ സംഭവം ഫാഷന്‍ ആണ്. ട്ടൈ കെട്ടി നടന്നിരുന്ന പ്രവാസി നാട്ടില്‍ ചെന്നപ്പോള്‍ മുണ്ടിന്റെ പുതിയ മാന്യത കണ്ട് അന്തം വിട്ടു. അവനും വാങ്ങി അഞ്ചാറു കസവ് മുണ്ട്. സ്നേഹനിധിയായ ഭാര്യ മൂന്നുനാല് Stiff and Shine-ഉം വാങ്ങി പെട്ടിയിലിട്ടു.
പക്ഷെ മുണ്ട് എവിടെ ഉടുക്കും? ക്രിസ്തുമസിന് ഉടുത്താല്‍, കാറില്‍ നിന്നിറങ്ങി, പള്ളിയില്‍ എത്തുന്നതിനിടയില്‍ മുണ്ടിനടിയിലെ ചില പ്രധാന അവയവങ്ങള്‍ മരച്ചു ഉപയോഗശൂന്യമാകും!
പിന്നെ എന്താണൊരു വഴി?
ഉഴവൂര്‍ക്കാരന്റെ പ്രിയപുണ്യവാളനാണ് വി. എസ്തപ്പനോസ്. പണ്ട് ബ്രിടിഷ്കാരുടെ കാലത്ത് മദ്യനിരോധനം ഉണ്ടായിരുന്ന കാലത്ത് കള്ളവാറ്റു നടത്തിയിരുന്ന എത്ര ഉഴാവൂര്‍ക്കരെയാണ് ആ പുണ്യവാളന്‍ രക്ഷിച്ചതെന്ന് അറിയണമെങ്കില്‍ കാര്ന്നോന്മാരോട് ചോദിച്ചാല്‍ മതി. പക്ഷെ ഒരു കുഴപ്പം, അങ്ങേരുടെ പെരുന്നാള് ലോകത്തെല്ലായിടത്തും ഡിസംബര്‍ ഇരുപത്താറാം തിയതിയാണ്. (കത്തോലിക്കരോടുള്ള വൈരാഗ്യം കാരണം ബ്രിടിഷ്കാരന്‍ അതിനു ബോക്സിംഗ് ഡേയ് എന്ന് പേരിട്ടു വിളിച്ചു – ഇതൊന്നും ഉഴവൂര്കാര്‍ക്ക് മനസ്സിലാകില്ല എന്നാ സായിപ്പോര്ത്തത്. നിന്നെ ഒക്കെ വിറ്റ ബുദ്ധി ഞങ്ങളുടെ കൈയിലുണ്ട്, പറഞ്ഞേക്കാം!).
അങ്ങനെ പുണ്യാളന്റെ പെരുന്നാളിന് മുണ്ടുടുക്കണം. എന്താ വഴി? നമുക്ക് പെരുന്നാള്‍ അങ്ങോട്ട് മാറ്റിയാലോ? അഭിപ്രായത്തെ പറ്റി പറയുന്നത്പോലെ, പെരുന്നാളും ഇരുമ്പുലക്ക ഒന്നും അല്ലല്ലോ. അങ്ങ് മാറ്റി. അങ്ങിനെ ഇരുന്നപ്പോള്‍ ഇതാ വരുന്നു ഒരു കല്യാണം. അല്പം ദിവസത്തെ അഡ്ജസ്റ്റ്മെന്റ് നടത്തിയാല്‍ രണ്ടും ഒരുമിച്ചാകാം.
ശൌരാര് പുണ്യാളനെപോലെ ഇപ്പോഴും ചീയാതെ, അഴിയാതെ ഇരിക്കുന്ന ആളല്ല വി. എസ്തപ്പാനോസ്. അങ്ങേരിതൊന്നും അറിയാന്‍ പോകുന്നില്ല. ഇനി, ഇത് കത്തോലിക്കാസഭയുടെ നയത്തിനും, കാനോന്‍ നിയമം അനുസരിച്ച് കൊലക്കയര് കിട്ടാവുന്ന കുറ്റമാണെന്നും ഒക്കെ ഏതെങ്കിലും തിരുമേനിയോ, തിരുമേനിയുടെ വീട്ടുകാരോ പറഞ്ഞോണ്ട് വന്നാല്‍, ഞങ്ങള്‍ അടുത്ത തവണ അവധിക്കു പോകുമ്പോള്‍ പുണ്യാളനെ വേണ്ട രീതിയില്‍ കണ്ടോളം.
ക്രിസ്തുമസും നമുക്ക് സമ്മറില്‍ തന്നെ ആഘോഷിച്ചാലോ!
പുണ്യാളാ, രക്ഷിക്കണേ!
ഉഴവൂക്കാരന്‍ കൊച്ചാപ്പി
ഉഴവൂര്‍ പള്ളിയിലെ പ്രധാന തിരുനാള്‍ വി. സെബാസ്ത്യാനോസിന്റെ നാമാധേയത്തിലുള്ളതല്ല; മറിച്ച്, വി. എസ്തപ്പാനോസ് സഹദായുടെ നാമത്തില്‍ ഉള്ളതാണ്. കൊചാപ്പിക്ക് പുണ്യാളന്‍ മാറി പോയതാകുമെന്നു കരുതുന്നു.
ReplyDeleteതെറ്റ് ചൂണ്ടുക്കാനിച്ചതിനു നന്ദി. വേണ്ട തിരുത്തല്‍ നടത്തിയിട്ടുണ്ട്.
Deleteകൊച്ചാപ്പിയും രണ്ടെണ്ണം അടിചിട്ടായിരിക്കും എഴുതിയത്. സ്റെഫാനോസിലും സെബസ്ത്യനോസിലും അക്ഷരങ്ങള്‍ ഒക്കെ ഏതാണ്ട് ഒരുപോലെ അപ്പോള്‍ തോന്നിക്കാണും
ReplyDelete