NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Wednesday, 21 March 2012

മോണ്‍. മുത്തോലത്തിന്റെ അമേരിക്കന്‍ നയങ്ങള്‍


അമേരിക്കയിലെ സീറോമലബാര്‍ രൂപതയിലെ ക്‌നാനായ റീജിയന്റെ വികാരി ജനറാളായ മോണ്‍. എബ്രഹാം മുത്തോലത്ത് 2011 ജൂലൈ 3 ന് പാരീഷ് ബുള്ളറ്റിനില്‍ നല്‍കിയ സന്ദേശം വായിക്കുകയുണ്ടായി. ഇന്നിതാ അദ്ദേഹത്തിന്റെ ഒരഭിമുഖം ശാലോം ടി.വിയിലും കാണുകയുണ്ടായി. രണ്ടിലും കാര്യങ്ങള്‍ വ്യക്തമാക്കാതെ എന്തൊക്കയോ പറഞ്ഞു നാട്ടുകാരെ ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹം ശ്രമിക്കുന്നതായി തോന്നി. അതിനാല്‍ ഇക്കാര്യങ്ങള്‍ക്ക് ഒരു വ്യക്തത കൈവരിക്കുന്നതിനായി ചില സംശയങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നു. കാരണം ക്‌നാനായ സമുദായക്കാരില്‍ അദ്ദേഹം ആവശ്യത്തിലധികം ഉതപ്പുകള്‍ പരസ്യമായി നല്‍കിയിട്ടുണ്ട്.

1.         ചിക്കാഗോ രൂപതയില്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി അവര്‍ വാങ്ങുന്ന പള്ളികള്‍ ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്? മോണ്‍. മുത്തോലത്ത് 2011 ആഗസ്റ്റ് 26ന് ചൈതന്യയില്‍ നടന്ന പ്രവാസിസംഘമത്തില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്; പള്ളികളെല്ലാം ക്‌നാനായ അസോസിയേഷന്റെ പേരിലാണ് വാങ്ങുന്നത് എന്നാണ്. കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് പള്ളികളെല്ലാം ബിഷപ്പിന്റെ പേരിലാണ് വാങ്ങുന്നതെന്നാണ് അറിയുന്നത്. മോണ്‍സിഞ്ഞോര്‍ പറഞ്ഞതാണ് ശരിയെങ്കില്‍ ഒരു പള്ളിയുടെ ആധാരം പരസ്യപ്പെടുത്താമോ?

കത്തോലിക്കാസഭയുടെ ഭരണനിയമമായ കാനോന്‍ 1008:1ല്‍ പറയുന്നു; “സഭാ സ്വത്തുക്കളുടെയെല്ലാം പരമോന്നത അധികാരിയും കാര്യസ്ഥനും റോമാ മാര്‍പാപ്പയാണ്.” 2-ല്‍ പറയുന്നത് ഇപ്രകാരമാണ്; “ഭൗതിക വസ്തുക്കള്‍ ഏതു നൈയാമിക വ്യക്തി നിയമാനുസൃതമായി സമ്പാദിച്ചിരിക്കുന്നുവോ ആ വ്യക്തിയായിരിക്കും റോമാ മാര്‍പാപ്പയുടെ പരമാധികാരത്തിന്‍ കീഴില്‍ അവയുടെ ഉടമസ്ഥാവകാശം.അതിനാല്‍ മാര്‍പാപ്പായ്ക്ക് അധീനമായിരിക്കുന്ന വസ്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം അദ്ദേഹം നിയമിക്കുന്ന മെത്രാനില്‍ നിക്ഷിപ്തമാണ്. കത്തോലിക്കര്‍ക്കെല്ലാം അറിയാവുന്ന ഒരു സത്യമുണ്ട്; ഇടവകക്കാര്‍ക്കു അത്യാവശ്യമായി ഒരു ടോയ്‌ലറ്റ് ആവശ്യമുണ്ടെങ്കില്‍ തന്നെ, പണം അവര്‍ ആണ് മുടക്കുന്നതെങ്കിലും ടോയ്‌ലറ്റിന്റെ സ്‌കെച്ചും പ്ലാനും ബിഷപ്പിനെ കാണിച്ച് ബോധ്യപ്പെടുത്തിയതിനു ശേഷമേ അനുവാദം ലഭിക്കൂ. എന്നാല്‍, ബിഷപ്പ് ഈ നിയമത്തിനെല്ലാം തന്നെ അധീനനാണ്. മെത്രാന്‍ കാനോന്‍ 187(2) അനുസരിച്ച് എല്ലാക്കാര്യങ്ങളിലും മെത്രാന്‍ മാര്‍പാപ്പയോട് അനുസരണം ഉള്ളവനുമായിരിക്കണം. നിയമങ്ങള്‍ ഇങ്ങനെയായിരിക്കെ എങ്ങനെയാണ് ചിക്കാഗോ ക്‌നാനായക്കാരന്റെ പള്ളികളെ നിങ്ങള്‍ ഇതില്‍ നിന്നും രക്ഷപ്പെടുത്തിയത്?

2.         കോട്ടയം അതിരൂപത ഒരു വ്യക്തിഗത സഭയല്ല എന്ന് പാരീഷ് ബുള്ളറ്റിനില്‍ എടുത്തു പറഞ്ഞതിന്റെ പിന്നിലുള്ള ഉദ്ദേശം എന്താണ്? (സാങ്കേതികമായ അര്‍ത്ഥങ്ങളല്ല ഇവിടെ പ്രധാനം) റവ. ഡോ. മോണ്‍. കൊല്ലാപറമ്പില്‍ 2005 ഡിസംബര്‍ 30 ന് ബി.സി.എം കോളേജില്‍ വച്ചു നടത്തിയ ആഗോള ക്‌നാനായ സംഗമത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ അദ്ദേഹം പറയുന്നു; “കത്തോലിക്കാ സഭയില്‍  ഇപ്പോള്‍ 23 സ്വയാധികാരസഭകളുണ്ട്. ഒരേ പ്രദേശത്തു തന്നെ ഒന്നിലധികം സ്വയാധികാര സഭകള്‍ക്കോ, രൂപതകള്‍ക്കോ അജപാലനാധികാരം സഭയുടെ പരമാധികാരത്താല്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവിടെ Multiple Jurisdiction ഉണ്ടെന്നു പറയാം. ഉദാഹരണത്തിനു കേരളത്തില്‍ നാലു  Catholic Jurisdiction ഒന്നിച്ചു നിലനില്‍ക്കുന്നു. സീറോ മലബാര്‍ സഭയുടെ പ്രോപ്പര്‍ ടെറിറ്ററിയില്‍ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍, കോട്ടയം അതിരൂപത എന്നീ നാലുവിഭാഗങ്ങള്‍ക്ക് Multple Jurisdiction ഉണ്ട്.”  അപ്പോള്‍ കോട്ടയം അതിരൂപതയുടെ സ്ഥാനം വ്യക്തമാണല്ലോ. കെ.സി.ബി.സി വക്താവ് റവ. ഡോ. സ്റ്റീഫന്‍ ആലത്തറ എഴുതിയിരിക്കുന്നു; കേരളത്തിലെ സീറോമലബാര്‍ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപത ക്‌നാനായ ക്രിസ്ത്യാനികള്‍ക്ക് മാത്രമുള്ള വ്യക്തിഗത രൂപതയാണ് (സണ്‍. ശാലോം 13-02-2009) പിന്നെ എന്തിനാണ് മുത്തോലത്തച്ചന്‍ അനാവശ്യമായി ഇക്കാര്യത്തില്‍ വിവാദവും സ്വന്തം സമൂഹത്തില്‍ ഉതപ്പും മനപൂര്‍വ്വം സൃഷ്ടിക്കുന്നത്?

3.         മോണ്‍സിഞ്ഞോര്‍ പറയുന്നു; ക്‌നാനായ സംഘടനയ്ക്ക് സാമുദായിക ശുദ്ധിയുള്ളവരെ മാത്രമായി സംഘടിപ്പിക്കുവാനാകുമെങ്കിലും, നമ്മുടെ ആത്യന്തിക ലക്ഷ്യമായ സ്വര്‍ഗ്ഗത്തിലെത്തിക്കുവാന്‍ കഴിയില്ല എന്ന് സ്വര്‍ഗ്ഗത്തിലേക്ക് തീര്‍ത്ഥാടനം നടത്തി തിരിച്ചു വന്നവനെപ്പോലെ സാക്ഷ്യം പറയുവാന്‍ ഇവിടെ എന്തുണ്ടായി എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ആത്മാക്കളുടെ രക്ഷമാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ അവിടെ അമേരിക്കയില്‍ ലത്തീന്‍ സഭയും മെത്രാന്മാരുമുണ്ടായിരുന്നുവല്ലോ. ഇപ്പോഴും അവര്‍ അവിടെയുണ്ട്. കേരളത്തില്‍ നിന്നും അമേരിക്കയിലെത്തുന്ന  മനുഷ്യശരീരധാരികളായ ആത്മാക്കള്‍ക്കായി ലത്തീന്‍ മെത്രാന്മാര്‍ ആത്മപാലനം നടത്തികൊള്ളും. ഇന്‍ഡ്യയിലെ വടക്കന്‍ മിഷന്‍ കേന്ദ്രങ്ങളില്‍ അനേകം മനുഷ്യാത്മാക്കള്‍ മിഷനറി വീര്യമുള്ള ആത്മാക്കളെ പ്രതീക്ഷിച്ചുകൊണ്ട് നാളുകളായി കഴിയുന്നുണ്ട്, തെക്കേ അമേരിക്കയിലേക്ക് എന്തുകൊണ്ട് അച്ചന്‍ പോകുന്നില്ല. ഒരിക്കല്‍ മിഷനറിയായി വടക്കേ അമേരിക്കയില്‍ എത്തിയാല്‍ പിന്നീടൊരിക്കലും അവിടം വിട്ടുപോരുവാന്‍ പാടില്ല എന്ന് കാനോന്‍ നിയമത്തില്‍ വ്യവസ്ഥകള്‍ വല്ലതുമുണ്ടോ?

കോട്ടയം തെക്കുംഭാഗക്കാര്‍ക്ക് വികാരിയത്ത് അനുവദിക്കുന്നതിനു മുന്‍പ് മരിച്ചു പോയ ക്‌നാനായകത്തോലിക്കര്‍ ആരും സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടില്ല എന്ന് മോണ്‍സിഞ്ഞോര്‍ക്ക് ഉറപ്പുണ്ടോ?

4.         സമുദായത്തിനെതിരെയുള്ള നിലപാടുകളെ എക്കാലത്തും സമുദായം ഒറ്റക്കെട്ടായി നേരിട്ടിട്ടുള്ളത് അങ്ങേയ്ക്ക് അറിവുള്ള കാര്യമാണല്ലോ, എന്നാല്‍ അങ്ങു പറയുന്നു. സമുദായത്തനിമ ചോദ്യം ചെയ്യുന്നവര്‍ക്ക് സഭാനിയമം അനുകൂലമാണെന്ന് ഈ അറിവ് താങ്കള്‍ക്കു മുന്‍പുള്ളവര്‍ക്കും, കോട്ടയത്തെ പഴയ പിതാക്കന്മാര്‍ക്കും, തെക്കുംഭാഗക്കാരെ പ്രത്യേകവംശമായി പരിഗണിച്ച് വികാരിയത്ത് നല്‍കിയ മാര്‍പാപ്പായ്ക്കും അതിനുശേഷം രൂപത, അതിരൂപത മുതലായവ നല്‍കിയ റോമാ സിംഹാസനത്തിനും മനസ്സിലായിട്ടില്ലാത്ത ഒരു പുതിയ അറിവാണോ മോണ്‍സിഞ്ഞോറിന്റെ ഈ വെളിപ്പെടുത്തല്‍?

5.         സീറോ മലബാര്‍ തലവന്‍ ആലഞ്ചേരി വലിയ പിതാവും വത്തിക്കാന്‍ സ്ഥാനപതിയും ശതാബ്ദി സമാപനവേളയില്‍ പറഞ്ഞു; പ്രേഷിത ദൗത്യത്തിനായി ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ജനതയാണ് കോട്ടയം അതിരൂപത എന്ന്. കോട്ടയം രൂപതക്കാര്‍ സ്വവംശവിവാഹ നിഷ്ഠ പുലര്‍ത്തുന്നവരാണ് എന്ന് ഈ പിതാക്കന്മാര്‍ക്ക് അറിവുള്ള കാര്യമായിരുന്നുവല്ലോ. ഇതിനപ്പുറത്ത് എന്തിനാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ അച്ചന്‍ തേടുന്നത്?

6.         റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ (കാഞ്ഞിരപ്പള്ളി രൂപത) റോമിലെ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഗവേഷണം വ്യക്തിഗതസഭകളെക്കുറിച്ചുള്ളതായിരുന്നു. അതില്‍ അദ്ദേഹം പ്രത്യേകമായി എടുത്ത വിഷയം ജെന്‍സ് സുദിസ്റ്റിക്കാ” (തെക്കും ഭാഗക്കാര്‍) എന്നായിരുന്നു. അതനുസരിച്ച് കോട്ടയം രൂപതയ്ക്ക് മാര്‍പാപ്പായുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കീഴില്‍ സ്വയാധികാര സഭയാകുന്നകിന് തടസ്സമില്ല എന്ന് പ്രസ്തുത യൂണിവേഴ്‌സിറ്റി കണ്ടെത്തി അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കുകയുണ്ടായി. ഒരു ക്‌നാനായക്കാരനും കൂടിയായ മോണ്‍സിഞ്ഞോര്‍, നമ്മുടെ നിലനില്പിന് മാര്‍ഗ്ഗദര്‍ശനങ്ങളാകേണ്ടുന്ന ഇത്തരം കണ്ടെത്തലുകള്‍ ഒന്നും പരിഗണിക്കാതെ, 100 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ഒരു സംവിധാനത്തിനു മുകളില്‍ നിന്നുകൊണ്ട് കൂടുതല്‍ അബദ്ധങ്ങള്‍ വിളിച്ചു വരുത്തുന്ന പ്രവര്‍ത്തനങ്ങളും സംസാരങ്ങളും കൊണ്ട് ക്‌നാനായ സമുദായത്തിന് ദോഷമേ വരുത്തു എന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്?

7.         അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ പള്ളികള്‍ക്കുമേലുള്ള വത്തിക്കാന്റെ 1986-ലെ റിസ്‌ക്രിപ്റ്റ് മാറ്റികിട്ടുന്നതിനുള്ള താങ്കളുടെ റീജിയന്റെ ശ്രമങ്ങളെക്കുറിച്ച് എന്തുകൊണ്ട് ബുള്ളറ്റിനിലൂടെയും അല്ലാതെയും താങ്കള്‍ സംസാരിക്കുന്നില്ല. സുതാര്യതയുടെ നാടായ അമേരിക്കയില്‍ അച്ചന്‍ റിസ്‌ക്രിപ്റ്റ് മാറ്റിക്കിട്ടുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ സമുദായത്തെ അറിയിക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ? അമേരിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സില്‍ എന്തു സ്വാധീനം ചെലുത്തുവാന്‍ മോണ്‍. മുത്തോലത്തിനും, അങ്ങാടിയത്ത് പിതാവിനും, മൂലക്കാട്ടു പിതാവിനും സാധിച്ചു? മൂലക്കാട്ടു പിതാവ് ഷിക്കാഗോയില്‍ നടത്തിയ പ്രസംഗത്തില്‍ പറയുംപോലെ; സഭയുടെ കാര്യങ്ങള്‍ ദൈവികമാണ്. എന്നാല്‍, റിസ്‌ക്രിപ്റ്റും, കാനോന്‍നിയമവും, സമുദായസംഘടനകളും മനുഷ്യസൃഷ്ടിയാണ്. അങ്ങനെ മാനുഷികമായ ഈ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് അങ്ങ് നടത്തുന്ന ശ്രമങ്ങള്‍ അറിയുന്നതിന് ഞങ്ങള്‍ ആഗ്രഹിച്ചാല്‍ അത് തെറ്റാകുമോ? തെക്കുംഭാഗകാര്‍ക്കായുള്ള വികാരിയത്ത് ബൂളായില്‍ പത്താം പീയൂസ് മാര്‍പാപ്പ കല്‍പിക്കുന്ന; “ഈ കല്പന എക്കാലത്തും ഫലപ്രദവും പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കുമെന്നും, ഈ കല്പന ഇന്നും മേലാലും ആരെയെല്ലാം സ്പര്‍ശിക്കുമോ അവരെയെല്ലാം ഈ കല്പനയെ പൂര്‍ണ്ണമായും സ്വീകരിക്കണമെന്നും, ഈ കല്പനയ്ക്ക് അനുയോജ്യമല്ലാത്ത ഏതെങ്കിലും അധികാരസ്ഥാനത്തു നിന്നും അറിഞ്ഞു കൊണ്ടോ അറിയാതയോ കൊണ്ടുവരുന്നതാകയാല്‍ അത് അസാധുവാകുന്നതുമാണ്.എന്ന ക്‌നാനായ കത്തോലിക്കര്‍ക്ക് ലഭിച്ച മാഗ്നകാര്‍ട്ട മെത്രാനോ, മെത്രാപ്പോലിത്തായോ ഏതെങ്കിലും വികാരി ജനറാള്‍ക്കോ മാറ്റാവുന്നതല്ല എന്ന അടിസ്ഥാനപരമായ അറിവെങ്കിലും, മാര്‍പാപ്പാമാരെ അനുസരിക്കാന്‍ ചുമതലപ്പെട്ട ഇന്നത്തെ നേതൃത്വത്തിന് നഷ്ടപ്പെട്ടതെങ്ങനെയാണ്?

കോട്ടയം വികാരിയത്ത് അനുവദിച്ചത് തെക്കുംഭാഗക്കാര്‍ക്ക് ആയിരുന്നു. ഇക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. വികാരിയത്ത് അനുവദിക്കാന്‍ മാര്‍പാപ്പായെ പ്രേരിപ്പിച്ചത്, കേരളത്തിലെ അന്നുണ്ടായിരുന്ന മൂന്നു സുറിയാനി മെത്രാന്മാരുടെ അപേക്ഷയായിരുന്നു എന്നതിലും ആര്‍ക്കും തര്‍ക്കമില്ല. സംയുക്ത നിവേദനം പറയുന്നു;

“... ഇക്കാരണത്താല്‍ 15 നൂറ്റാണ്ടുകളോളം രക്തസംബന്ധമായോ വിവാഹ സംബന്ധമായോ, യാതൊരു ബന്ധവും കൂടാതെ ഇരുകൂട്ടരും ജീവിക്കുന്നു.

ഇത് മാര്‍പാപ്പായ്ക്കും പൗരസ്ത്യതിരുസംഘത്തിനും ബോധ്യപ്പെട്ടതിനാലാണ് നമ്മുക്ക് വികാരിയത്ത് അനുവദിച്ചത്. ഇക്കാര്യങ്ങള്‍ മാക്കീല്‍ പിതാവിന്റെ നാളാഗമത്തിലും വ്യക്തമാക്കിയിട്ടുണ്ട്. സ്വവംശവിവാഹനിഷ്ഠയെപ്പറ്റിയാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ഇതിനെ മറച്ചുവെച്ചുകൊണ്ട് വംശീയം എന്നു പറയുവാന്‍ പാടില്ല എന്നും പറഞ്ഞാല്‍ അവരു പിണങ്ങുമെന്നും, അത് ഈശോയ്ക്ക് ഇഷ്ടമല്ല എന്നും പറയുന്നതു ഇവര്‍ക്ക് ചരിത്രം പഠിക്കാന്‍ താല്പര്യമില്ലാത്തതിനാലും സ്വന്ത അജണ്ടകള്‍ ഉള്ളതിനാലുമാണെന്ന് സമുദായമിന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

9.         മുത്തോലത്തച്ചന്‍ ക്‌നാനായക്കാരുടെ വംശശുദ്ധിയെക്കുറിച്ച് പറയുമ്പോള്‍; അത് യാഥാസ്ഥിതികരായ യഹൂദന്മാരുടെയും ഭാരതത്തിലെ വര്‍ണ്ണ വ്യവസ്ഥിതിയുടെയും പശ്ചാത്തലമാണ് ക്‌നാനായ സമുദായത്തിനുള്ളത് എന്നു പറയുന്നു. ഇതു പറയുവാന്‍ മോണ്‍സിഞ്ഞോര്‍ മുത്തോലത്തിനെ ആരാണ് ചുമതലപ്പെടുത്തിയത്?  17 നൂറ്റാണ്ടുകളിലധികം ചരിത്രമുള്ള ഈ സമുദായത്തെപ്പറ്റി സംസാരിക്കുമ്പോള്‍ കുറേകൂടി വിവേകം താങ്കള്‍ പുലര്‍ത്തേണ്ടതായിരുന്നില്ലേ?  ജൂലൈ 3ന് പുറപ്പെടുവിച്ച പാരീഷ് ബുള്ളറ്റിനില്‍ തോമ്മാശ്ലീഹായെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ വികാരിയുടെ സന്ദേശമായി കൊടുത്തിരിക്കുന്ന വംശീയതയുടെ നിലപാടിലെ സഭാസാമുദായിക അന്തരത്തിലെഅങ്ങയുടെ നിലപാടുകളോട് ക്‌നാനായ സമൂഹത്തിന് മൊത്തത്തില്‍ കടുത്ത ആശങ്കയും പ്രതിക്ഷേധവുമുണ്ട്. നിങ്ങള്‍ തയ്യാറാക്കിയ തിരക്കഥകളാണ് ഇന്ന് ലോസ് ആഞ്ചലസില്‍ ആരംഭിച്ച് ഷിക്കാഗോയിലെ ചരിത്രപ്രസിദ്ധമായ മാര്‍ മാത്യു മൂലക്കാടിന്റെ 40 മിനിട്ട് പ്രസംഗത്തിലൂടെ പുറത്ത് വന്നത്. അതിനായി മോണ്‍സിഞ്ഞോര്‍ മുത്തോലത്ത് ധാരാളം പശ്ചാത്തലസൗകര്യങ്ങള്‍ നാളുകളായി മൂലക്കാട്ടില്‍ പിതാവിനായി ഒരുക്കിക്കൊണ്ടിരുന്നു എന്നും ഞങ്ങളിന്നു മനസ്സിലാക്കുന്നു.

റ്റോമി ജോസഫ്
കല്ലുപുരയ്ക്കല്‍
Mob: 944 692 4328
Email: thomasjoseph88@yahoo.in

(അമേരികന്‍ ക്നാ വഴി ലഭിച്ചത്).

No comments:

Post a Comment